പുതിയ നിപ കേസുകൾ ഇല്ല, 1270 പേർ സമ്പർക്ക പട്ടികയിൽ; ചികിത്സയിലുള്ളവരുടെ ആരോഗ്യനില തൃപ്തികരം

കോഴിക്കോട്: നിപയിൽ ആശ്വാസം. പുതിയ നിപ കേസുകൾ സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. നിപ രോഗബാധമൂലം ആദ്യം മരിച്ച വ്യക്തി രോഗം സ്ഥിരീകരിക്കുന്നതിന് മുമ്പ് പോയ സ്ഥലങ്ങൾ പോലീസ് സഹായത്തോടെ കണ്ടെത്തിയെന്നും മന്ത്രി പറഞ്ഞു.
218 സാമ്പിളുകൾ പരിശോധിച്ചെന്നും 1270 പേർ സമ്പർക്ക പട്ടികയിലുണ്ടെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. ഇന്ന് 37 പേരാണ് സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടത്. 136 സാമ്പിളുകളുടെ ഫലം വരാനുണ്ട്. 47,605 വീടുകളിൽ സർവൈലൻസിന്റെ ഭാഗമായി പരിശോധന നടത്തി. പോസ്റ്റീവായി ചികിത്സയിലുളള നാലു പേരുടെയും ആരോഗ്യസ്ഥിതിയിൽ പുരോഗതിയുണ്ടെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.
മൃഗസംരക്ഷണ വകുപ്പിനോടൊപ്പം വെറ്റിനറി സർവകലാശാലയിലെ വിദഗ്ധരും ജില്ലയിലെത്തി പരിശോധന നടത്തി. നിരന്തരമായി കമ്മ്യൂണിറ്റി സർവൈലൻസ് നടത്താൻ മൃഗസംരക്ഷണ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. കേന്ദ്ര സംഘത്തിലെ മൂന്ന് ടീം ലീഡേഴ്സ് മടങ്ങി. പതിമൂന്നാം തിയതി കണ്ടൈൻമെന്റ് സോൺ പ്രഖ്യാപിച്ച ഇടങ്ങളിൽ ഇളവുകൾ പ്രഖ്യാപിക്കുന്നത് പരിഗണനയിലെന്നും ആരോഗ്യമന്ത്രി പറഞ്ഞു.