നിപ വൈറസ്; കേന്ദ്രസംഘം കോഴിക്കോടെത്തി

nipa
 

കോഴിക്കോട്: നിപ സ്ഥിപീകരിച്ച ചാത്തമംഗലം മുന്നൂരില്‍ കേന്ദ്രസംഘം സന്ദര്‍ശനം നടത്തുന്നു. സെന്റർ ഫോർ ഡിസീസ് കൺട്രോൾ സംഘമാണ് മരിച്ച പന്ത്രണ്ടുകാരന്റെ സ്ഥലം സന്ദർശിക്കുന്നത്. കുട്ടിക്ക് രോഗം എവിടെ നിന്നാണ് ബാധിച്ചത് എന്നതിൽ ഇതുവരെ വ്യക്തതയില്ല. രോഗം ബാധിക്കുന്നതിന് മുമ്പ് കുട്ടി റംബൂട്ടാൻ കഴിച്ചിരുന്നു. ഈ സ്ഥലം സന്ദർശിച്ച കേന്ദ്രസംഘം റംബൂട്ടാൻ സാംപിളുകളും ശേഖരിച്ചു. 

പ്രതിരോധ പ്രവര്‍ത്തനം വിലയിരുത്താന്‍ മെഡിക്കല്‍ കോളജ് വകുപ്പ് മേധാവികളുടെ യോഗം അല്‍പസമയത്തിനകം ചേരും.  

സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ രോഗനിയന്ത്രണത്തിന് എല്ലാ വിധ പിന്തുണയും കേന്ദ്രം ഉറപ്പുനല്‍കിയിട്ടുണ്ട്.രോഗബാധിതനായി മരിച്ച പന്ത്രണ്ടുകാരന്റെ വീടിന് സമീപം ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. മൂന്ന് കിലോമീറ്റര്‍ ചുറ്റളവിലാണ് നിയന്ത്രണം. ചാത്തമംഗലം പഞ്ചായത്തിലെ നിപ്പ സ്ഥിരീകരിച്ച ഒന്‍പതാം വാര്‍ഡ്അടച്ചു.

സമീപ വാര്‍ഡുകളായ നായര്‍ക്കുഴി, കൂളിമാട്, പുതിയടം വാര്‍ഡുകള്‍ ഭാഗികമായി അടച്ചു. അതീവ ജാഗ്രത പുലര്‍ത്താന്‍ പ്രദേശവാസികളോട് ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി കഴിഞ്ഞു. രോഗ ലക്ഷണമുള്ളവര്‍ ഉടന്‍ ആരോഗ്യവകുപ്പുമായി ബന്ധപ്പെടണമെന്നാണ് നിര്‍ദേശം.

കോഴിക്കോട് ചാത്തമംഗലം പഞ്ചായത്തിലെ മുന്നൂര്‍ സ്വദേശിയായ  പന്ത്രണ്ടുകാരനാണ് നിപാ ബാധിച്ച് മരിച്ചത്. മസ്തിഷ്ക ജ്വരത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിഞ്ഞ കുട്ടിക്ക്, ഇന്നലെ രാത്രിയാണ് നിപ സ്ഥിരീകരിച്ചത്. കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തിലുളള ഉന്നതതല സംഘം കോഴിക്കോട്ട് ക്യാംപ് ചെയ്യുകയാണ്. കോഴിക്കോട് മെഡിക്കൽ കോളേജിൽ വിവിധ വിഭാഗം തലവന്മാരുടെ യോഗം പ്രിൻസിപ്പൽ വിളിച്ചു ചേർത്തിട്ടുണ്ട്. ആരോഗ്യ മന്ത്രി വീണ ജോർജ് കോഴിക്കോട് മെഡിക്കൽ കോളേജിലെത്തി യോഗത്തിൽ പങ്കെടുക്കും. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ, കളക്ടർ, വിവിധവകുപ്പ് മേധാവിമാർ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. നടപടികൾ വിലയിരുത്തും.