കൊടകര കേസിൽ ബിജെപി നേതാക്കളാരും പ്രതിയാകില്ല; കേന്ദ്ര ഏജൻസി അന്വേഷിക്കട്ടെയെന്ന നിലപാടിൽ പൊലീസ്

surendran

തൃശ്ശൂർ: തെരഞ്ഞെടുപ്പ് സമയത്ത് കൊടകരയിൽ നിന്ന് പിടികൂടിയ കള്ളപ്പണക്കേസുമായി ബന്ധപ്പെട്ട് ബിജെപി നേതാക്കളാരും പ്രതികളാകില്ല എന്ന് സൂചന. ഏറെ വിവാദമായ കേസിൽ തുടക്കം മുതൽ ബിജെപി പ്രവർത്തകരുമായും നേതാക്കളുമായും ചേർത്ത് വായിച്ചിരുന്ന കേസിലാണ് ബിജെപി നേതാക്കളെ പ്രതിയാക്കില്ലെന്ന റിപ്പോർട്ട് വരുന്നത്. കേസിൽ കുറ്റപത്രം ജൂലൈ 24-ന് സമർപ്പിക്കാനാണ് അന്വേഷണസംഘത്തിന്‍റെ തീരുമാനം.

ഇരിഞ്ഞാലക്കുട കോടതിക്ക് മുമ്പാകെയാണ് കുറ്റപത്രം സമർപ്പിക്കുക. കേസ് ഒരു കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്നായിരിക്കും കുറ്റപത്രത്തിൽ പ്രധാനമായും ആവശ്യമുന്നയിക്കുക. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം (Prevention of Money Laundering Act) ഒരു കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്നാകും സംസ്ഥാന പൊലീസ് കോടതിയിൽ ആവശ്യപ്പെടുക. 

കേസിൽ ആകെ 22 പ്രതികളാണുള്ളത്. കേസുമായി ബന്ധപ്പെട്ട് 19 ബിജെപി നേതാക്കളെയാണ് ചോദ്യം ചെയ്തത്. ഇവരിൽ ഒരാൾ പോലും പ്രതിയാകില്ല. കേസുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ ഉൾപ്പെടെ ചോദ്യം ചെയ്തിരുന്നു. കെ സുരേന്ദ്രൻ ഉൾപ്പടെയുള്ള നേതാക്കളെ സാക്ഷികളാക്കണോ എന്ന കാര്യം പിന്നീട് ആലോചിക്കും.

ജൂലൈ 14-ന് ആയിരുന്നു സുരേന്ദ്രനെ ചോദ്യം ചെയ്തത്. ഒന്നര മണിക്കൂർ ചോദ്യം ചെയ്ത ശേഷം സുരേന്ദ്രനെ അന്ന് വിട്ടയക്കുകയായിരുന്നു. കവർച്ചക്കേസിൽ പരാതി നൽകിയ ധർമരാജനും കെ സുരേന്ദ്രനും ഫോണിൽ സംസാരിച്ചതിന്‍റെ വിവരങ്ങളാണ് ചോദിച്ചറിഞ്ഞത്. 

കവർച്ചാ പണം മുഴുവൻ കണ്ടെടുക്കുക ദുഷ്കരമെന്നാണ് അന്വേഷണസംഘം പറയുന്നത്. ഇത് തെരഞ്ഞെടുപ്പിന് വേണ്ടി വന്ന പണമാണെന്ന് തെളിയിക്കാനുള്ള ഒന്നും അന്വേഷണസംഘത്തിന് കിട്ടിയിട്ടില്ല. ഈ പണത്തിന്‍റെ ഉറവിടം സംബന്ധിച്ച് ഒരു മൊഴികളും ബിജെപി നേതാക്കളിൽ നിന്ന് കിട്ടിയിട്ടില്ല. അതിനാൽ ഇത് ഒരു കവർച്ചാക്കേസ് മാത്രമായി കണക്കാക്കി ഒരു കുറ്റപത്രം സമർപ്പിക്കാനാണ് അന്വേഷണസംഘത്തിന്‍റെ തീരുമാനം. 

ഇക്കഴിഞ്ഞ ഏപ്രിൽ മൂന്നിനാണ് കൊടകര ദേശീയപാതയിൽ മൂന്നരക്കോടി രൂപ ക്രിമിനൽസംഘം കവർന്നത്. ഇതിനോടകം ഇരുപത്തി രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരു കോടി 45 ലക്ഷം  രൂപയും കണ്ടെടുത്തിരുന്നു. എന്നാൽ ബാക്കി പണം കണ്ടെത്തുക എങ്ങനെയാണ് എന്നതിലാണ് അന്വേഷണസംഘം വഴിമുട്ടി നിന്നത്.