തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വാക്സിന് ലഭ്യമാക്കുന്നതിന് ആഗോള ടെന്‍ഡര്‍ ക്ഷണിച്ചെങ്കിലും ഒരു കമ്ബനി പോലും മുന്നോട്ടു വന്നില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഹൈക്കോടതിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മറ്റ് സംസ്ഥാനങ്ങള്‍ വിളിച്ച ആഗോള ടെന്‍ഡറുകള്‍ക്കും സമാനമായ പ്രതികരണമാണ് ലഭിച്ചതെന്നും സര്‍ക്കാര്‍ അറിയിച്ചു.
ലോകാരോഗ്യ സംഘടനയും മറ്റു മൂന്ന് വിദേശ ഏജന്‍സികളും അംഗീകരിച്ച വിദേശ വാക്സിനുകള്‍ കേരളത്തില്‍ എത്തിക്കാനായിരുന്നു ടെന്‍ഡര്‍ വിളിച്ചത്. വ്യാഴാഴ്ച ടെക്നിക്കല്‍ ബിഡ് തുറന്നു. എന്നാല്‍ ആരും താത്പര്യം കാണിച്ച് ടെന്‍ഡര്‍ സമര്‍പ്പിച്ചില്ല. കേരളാ മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷനായിരുന്നു ടെന്‍ഡര്‍ വിളിച്ചത്.
വാക്സിന് വിതരണത്തിന് വീണ്ടും സ്പോട്ട് രജിസ്ട്രേഷന് ആരംഭിക്കുന്നത് പരിഗണനയില്‍ ഇല്ലെന്നും ഹൈക്കോടതിയില്‍ സര്‍ക്കാര്‍ വ്യക്തമാക്കി. സ്പോട്ട് രജിസ്ട്രേഷന് ആരംഭിച്ചാല്‍ വാക്സിനേഷന് കേന്ദ്രങ്ങളില്‍ വലിയ ആള്‍ക്കൂട്ടം ഉണ്ടാകും. വാക്സിനേഷന് കേന്ദ്രങ്ങളില്‍ ആള്‍ക്കൂട്ടം ഉണ്ടാകുന്നത് നിയന്ത്രിക്കണമെന്ന് ഹൈക്കോടതി തന്നെ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ശുചീകരണ തൊഴിലാളികളെ കൊവിഡ് മുന്നണിപ്പോരാളികള്‍ ആയി പ്രഖ്യാപിക്കുന്നത് പരിഗണനയിലാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. കേന്ദ്രസര്‍ക്കാര്‍ നല്കുന്ന വാക്സിന് സ്വകാര്യ ആശുപത്രികള്‍ മുഖേന വഴിയും വിതരണം ചെയ്യാനാകുമോ എന്ന് അറിയിക്കാനും ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്കി. കേസ് ബുധനാഴ്ച വീണ്ടും പരിഗണിക്കും.
Comments