കെ-റെയിലിന് അനുമതി ഇല്ല; ഹൈക്കോടതയിൽ നിലപാട് ആവർത്തിച്ച് റെയിൽവേ ബോര്‍ഡ്

k rail
 

കൊച്ചി: സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ സിൽവർ ലൈനിനെ തള്ളി വീണ്ടും കേന്ദ്ര സർക്കാർ. കേരള ഹൈക്കോടതിയിൽ കേന്ദ്ര റെയിൽവെ മന്ത്രാലയത്തിന് വേണ്ടി സമർപ്പിച്ച മറുപടിയിലാണ് അസിസ്റ്റന്റ് സോളിസിറ്റർ ജനറൽ പദ്ധതിക്കെതിരായ കേന്ദ്ര സർക്കാർ നിലപാട് വിശദീകരിച്ചത്.

സിൽവർ ലൈൻ പദ്ധതിക്കായി സംസ്ഥാന സർക്കാർ നടത്തുന്ന സർവ്വേക്ക് കെ റെയിൽ കോർപ്പറേഷൻ പണം ചെലവാക്കിയാൽ ഉത്തരവാദിത്തം കെ റെയിലിനു മാത്രമെന്ന് റെയിൽവേ മന്ത്രാലയം വ്യക്തമാക്കുന്നുണ്ട്. റെയിൽവേ മന്ത്രാലയം അനുമതി നൽകാത്ത സിൽവർ ലൈൻ പദ്ധതിക്കായി സാമൂഹികാഘാതപഠനവും  സർവ്വേയും നടത്തുന്നത് അപക്വമായ നടപടിയാണെന്നും റെയിൽവേക്ക് വേണ്ടി സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. നടക്കുന്ന ഒരു പ്രവര്‍ത്തനത്തിലും കേന്ദ്രത്തിന് ഉത്തരവാദിത്തമില്ല. കെ-റെയില്‍ എന്ന കമ്പനിയുടെ ഉത്തരവാദിത്തത്തിലാണ് ഇതുവരെയുള്ള കാര്യങ്ങള്‍ നടന്നതെന്നും വ്യക്തമാക്കുന്നതാണ് സത്യവാങ്മൂലം.


കെ - റെയിൽ കോർപ്പറേഷൻ സ്വതന്ത്ര കമ്പനിയാണ്. റെയിൽവെക്ക് ഈ സ്ഥാപനത്തിൽ ഓഹരി പങ്കാളിത്തമുണ്ടെങ്കിലും അത്തരം കമ്പനികളുടെ ദൈനംദിന പ്രവർത്തനങ്ങളിൽ കേന്ദ്ര സർക്കാർ ഇടപെടാറില്ല. സിൽവർ ലൈനിന്റെ സ്ഥലം ഏറ്റെടുപ്പുമായി ബന്ധപ്പെട്ട് നിയമമനുസരിച്ച് സംസ്ഥാന സർക്കാർ നടപടികൾ സ്വീകരിച്ചാൽ അതിൽ കേന്ദ്ര സർക്കാരിന് ഇടപെടാൻ സാധ്യമല്ലെന്നും റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര അനുമതി ലഭിക്കാത്ത പദ്ധതിക്കായി സാമൂഹിക ആഘാത പഠനവും സർവ്വേയും നടത്തുന്നത് അപക്വമാണെന്നും റെയിൽവേക്ക് വേണ്ടി അസിസ്റ്റന്റ് സോളിസിറ്റർ ജനറൽ വ്യക്തമാക്കിയിട്ടുണ്ട്.

സാമൂഹ്യാഘാത പഠനത്തിനെതിരെ സമര്‍പ്പിച്ച ഹര്‍ജികള്‍ അടുത്ത ദിവസം ഹൈക്കോടതിയുടെ പരിഗണനയില്‍ വരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കേന്ദ്രം ആവര്‍ത്തിച്ച് നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.