പാ​ര്‍​ട്ടി മാ​റു​ന്ന​തി​നെ​ക്കു​റി​ച്ച്‌ ചി​ന്തി​ച്ചി​ട്ടി​ല്ല; വാര്‍ത്തകള്‍ ദുരുദ്ദേശപരം: ഫാ​ത്തി​മ തെ​ഹ്‌​ലി​യ

fathima
 

കോഴിക്കോട്​: എം.എസ്​.എഫ്​ ദേശീയ വൈസ്​ പ്രസിഡന്‍റ്​ സ്​ഥാനത്തു നിന്ന്​ നീക്കിയ ഫാത്തിമ തെ​ഹ്‌​ലി​യ പാര്‍ട്ടിമാറുന്നെന്ന പ്രചാരണം നിഷേധിച്ചു. പാര്‍ട്ടി മാറുന്നതിനെ കുറിച്ച്‌ ചിന്തിച്ചിട്ടേയില്ലെന്നും മറിച്ചുള്ള വാര്‍ത്തകള്‍ കളവും ദുരുദ്ദേശപരവുമാണെന്നും ഫേസ്​ബുക്ക്​ പോസ്റ്റില്‍ ഫാത്തിമ തഹ്​ലിയ വ്യക്​തമാക്കി.

മുസ്ലിം ലീഗിന്റെ ആദര്‍ശത്തില്‍ വിശ്വസിച്ചാണ് പാര്‍ട്ടിയില്‍ ചേര്‍ന്നത്. സ്ഥാനമാനങ്ങള്‍ക്കോ അധികാരത്തിനോ വേണ്ടിയല്ല ഈ പാര്‍ട്ടിയില്‍ വന്നത്. ഇപ്പോള്‍ നിലനില്‍ക്കുന്ന വിഷയങ്ങളുമായി ബന്ധപ്പെട്ട് പാര്‍ട്ടി മാറുന്നതിനെ കുറിച്ച്‌ ഞാന്‍ ചിന്തിച്ചിട്ടേയില്ല. മറിച്ചുള്ള വാര്‍ത്തകള്‍ കളവും ദുരുദ്ദേശപരവുമാണെന്നും ഫാത്വിമ തെ​ഹ്‌​ലി​യ പ്രതികരിച്ചു.

എം.എസ്​.എഫ്​ സംസ്​ഥാന പ്രവര്‍ത്തക സമിതി യോഗത്തില്‍ പ്രസിഡന്‍റ്​ പി​.കെ നവാസ്​ അശ്ലീല പരാമര്‍ശം നടത്തിയെന്ന്​ കാണിച്ച്‌​ ഹരിത ഭാരവാഹികള്‍ മുസ്​ലിം ലീഗ്​ നേതൃത്വത്തിന്​ പരാതി നല്‍കിയിരുന്നു. മലപ്പുറം ജില്ലയില്‍ നിന്നും സമാനമായി പരാതി ഉയര്‍ന്നു. എന്നാല്‍, ഈ പരാതിയില്‍ നേതൃത്വം നടപടി എടുക്കാത്തതിനാല്‍ ഹരിത ഭാരവാഹികള്‍ വനിത കമീഷന്​ പരാതി നല്‍കിയതോടെ വിഷയം പൊതുചര്‍ച്ചയായി.

ഇതേ തുടര്‍ന്ന്​ മുസ്​ലിം ലീഗ്​ നേതൃത്വം നടത്തിയ ഇടപെടലുകള്‍ ഫലം കണ്ടിരുന്നില്ല. തുടര്‍ന്ന്​, ഹരിത കമ്മിറ്റിയെ ആദ്യം മരവിപ്പിക്കുകയും പിന്നീട്​ പിരിച്ചുവിടുകയും ചെയ്​തു. മുസ്​ലിം ലീഗ്​ സംസ്​ഥാന നേതൃത്വം നേരിട്ട്​ പുതിയ ഭാരവാഹികളെ നിയമിക്കുകയും ചെയ്​തു.

ഈ വിവാദങ്ങള്‍ക്കിടെ ഹരിതയെ പിന്തുണച്ചു കൊണ്ട്​ ഫാത്തിമ തഹ്​ലിയ രംഗത്തെത്തിയിരുന്നു. ഇതേ തുടര്‍ന്ന്​ എം.എസ്​.എഫ്​ ദേശീയ വൈസ്​ പ്രസിഡന്‍റ്​ സ്​ഥാനത്ത്​ നിന്ന്​ അവരെ കഴിഞ്ഞ ദിവസം നീക്കി. ദേശീയ വൈസ്​ പ്രസിഡന്‍റ്​ സ്​ഥാനത്തു നിന്ന്​ നീക്കിയ അവര്‍ പാര്‍ട്ടി മാറുമെന്ന തരത്തില്‍ വ്യാപക പ്രചരണമുണ്ടായിരുന്നു. ഇതെല്ലാം നിഷേധിച്ചുകൊണ്ടാണ്​ ഇപ്പോള്‍ ഫാത്തിമ തഹ്​ലിയ രംഗത്തെത്തിയിരിക്കുന്നത്​.