പാലാ ബിഷപ്പ് മുമ്പും വർഗീയ പരാമർശം നടത്തിയിരുന്നു; പ്രതിഷേധിച്ച് ഇറങ്ങിപ്പോയെന്ന് കുറവിലങ്ങാട്ടെ കന്യാസ്ത്രീകള്‍

പാലാ ബിഷപ്പ് മുമ്പും വർഗീയ പരാമർശം നടത്തിയിരുന്നു; പ്രതിഷേധിച്ച് ഇറങ്ങിപ്പോയെന്ന് കുറവിലങ്ങാട്ടെ കന്യാസ്ത്രീകള്‍
 

കോട്ടയം: നാർകോട്ടിക് ജിഹാദ് പരാമർശത്തിൽ ബിഷപ്പിനെ തള്ളി കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകൾ. പാലാ ബിഷപ്പ് മുമ്പും വർഗീയ പരാമർശം നടത്തിയതായി കന്യാസ്ത്രീകൾ പറഞ്ഞു. കുറവിലങ്ങാട്ടെ ചാപ്പിലാണ് വർഗീയ പരാമർശം നടത്തിയത്. അന്നും തങ്ങൾ അതിനെ എതിർത്തുവെന്ന് കന്യാസ്ത്രീകൾ ചൂണ്ടിക്കാട്ടി.

കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകളായ അനുപമ, ആല്‍ഫി, നീനാ റോസ്, ജോസഫിന്‍ എന്നിവരാണ് വൈദികനെതിരേ ആരോപണം ഉന്നയിച്ച് മാധ്യമങ്ങളെ കണ്ടത്. മഠത്തിലെ ചാപ്പലില്‍ ഞായറാഴ്ച നടന്ന കുര്‍ബാനയില്‍ വൈദികന്‍ മുസ്ലീം വിരുദ്ധ പ്രസംഗം ആരംഭിച്ചപ്പോഴാണ് തങ്ങള്‍ അത് തടഞ്ഞ ശേഷം പ്രതിഷേധിച്ച് ഇറങ്ങിപ്പോയതെന്ന് കന്യാസ്ത്രീകള്‍ മാധ്യമങ്ങളോട് പറഞ്ഞു.

മുസ്ലീങ്ങളുടെ കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങരുത്, ഓട്ടോയില്‍ കയറരുത് എന്നൊക്കെയായിരുന്നു പരാമര്‍ശമെന്നും സിസ്റ്റര്‍ അനുപമ പറഞ്ഞു. കുറവിലങ്ങാട്ടെ ചാപ്പിലാണ് വർഗീയ പരാമർശം നടത്തിയത്. മുന്‍പും മുസ്ലിം സമുദായത്തില്‍പ്പെട്ടവരെ അവഹേളിച്ചുകൊണ്ട് ഇതേ വൈദികന്‍ പ്രസംഗിക്കുക പതിവായിരുന്നു. ഈശോ സിനിമയുമായി ബന്ധപ്പെട്ടും ഇത്തരം പരാമർശങ്ങള്‍ നടത്തിയിരുന്നു. 

മുസ്ലിം വിഭാഗത്തില്‍പ്പെട്ടവര്‍ നിരവധി പേരുമായി ഇടപെടാറുണ്ട്. അവരില്‍നിന്നൊന്നും മോശം അനുഭവം ഉണ്ടായിട്ടില്ല. ക്രിസ്തു പഠിപ്പിച്ചിരിക്കുന്നത് വര്‍ഗീയത വിതയ്ക്കാനല്ല. അയല്‍ക്കാരെയും മറ്റുള്ളവരെയും സ്നേഹിക്കാനാണ്. ആ മാര്‍ഗത്തിന് വിരുദ്ധമായി പോകുന്നത് കണ്ടപ്പോള്‍ പ്രതികരിക്കാതിരിക്കാന്‍ സാധിച്ചില്ലെന്നും കന്യാസ്ത്രീകള്‍ പറഞ്ഞു.

അതേസമയം നാർകോട്ടിക് ജിഹാദ് പരാമർശത്തിൽ പാലാ ബിഷപ്പിന് പിന്തുണയറിയിച്ച് ജോസ് കെ മാണി രംഗത്തെത്തി. ബിഷപ്പ് ഉയർത്തിയത് സാമൂഹിക തിന്മയ്‌ക്കെതിരെയുള്ള ജാഗ്രതയാണെന്ന് ജോസ് കെ മാണി പ്രസ്‌താവനയിൽ വ്യക്തമാക്കി. മയക്ക് മരുന്നെന്ന സാമൂഹിക വിപത്ത് ചൂണ്ടിക്കാട്ടുകയും അതിനെതിരെ പ്രതികരിക്കുകയുമാണ് ബിഷപ്പ് ചെയ്‌തതെന്നും ജോസ് കെ മാണി പറഞ്ഞു.