നിക്ഷേപ തട്ടിപ്പ്: പ്രവീൺ റാണയുടെ കൂട്ടാളി അറസ്റ്റിൽ; രേഖകൾ പിടിച്ചെടുത്തു

sd
 

കൊച്ചി: തൃശൂരിലെ നിക്ഷേപത്തട്ടിപ്പു കേസ് പ്രതി പ്രവീൺ റാണയുടെ (കെ.പി. പ്രവീൺ-36) കൂട്ടാളി അറസ്റ്റിൽ. റാണയുടെ സ്ഥാപനത്തിലെ അഡ്മിനിസ്ട്രേഷൻ മേധാവി വെളുത്തൂർ സ്വദേശി സതീഷിനെ പാലാഴിയിലെ വീട്ടിൽനിന്നാണ് അറസ്റ്റ് ചെയ്തത്. 

റാണയുടെ സ്ഥാപനത്തിലെ അഡ്മിൻ മേധാവിയാണ് സതീഷ്. തൃശൂർ വിയ്യൂർ എസ്.ഐ: കെ.സി. ബൈജുവും സംഘവും ആണ് പ്രതിയെ പിടികൂടിയത്. റാണ രഹസ്യമായി കടത്തിയ നിക്ഷേപ രേഖകളും കണ്ടെടുത്തു. തൃശൂർ പാലാഴിയിലെ വീട്ടിൽ ഒളിപ്പിച്ച രേഖകളാണ് കണ്ടെടുത്തത്.

കഴിഞ്ഞ ദിവസം റാണയുടെ സ്ഥാപനത്തിന്റെ മണ്ണാർക്കാടും ഒറ്റപ്പാലത്തും പാലക്കാടുമുള്ള ഓഫീസിൽ റെയ്ഡ് നടന്നിരുന്നു. സേഫ് ആന്റ് സ്ട്രോങ് എന്ന പേരിൽ വൻ തോതിൽ നിക്ഷേപം വാങ്ങി തട്ടിപ്പ് നടത്തിയെന്നാണ് കേസ്.

എത്ര രൂപയാണ് ഓരോരുത്തരിൽനിന്നും വാങ്ങിയത് എന്നതിന്റെ രേഖകളാണ് പരിശോധിച്ചത്. വൻ പലിശയും ലാഭവും വാഗ്ദാനം ചെയ്താണ് സേഫ് ആന്റ് സ്ട്രോങ് എന്ന കമ്പനിയുടെ പേരിൽ പ്രവീൺ റാണ എന്ന കെ.പി പ്രവീൺ കോടികൾ തട്ടിയെടുത്തത്. നിലവിൽ ഇയാൾക്കെതിരെ തൃശൂരിലെ വിവിധ സ്റ്റേഷനുകളിലായി 24-ഓളം കേസുകളുണ്ട്. കേസായതോടെ പ്രവീൺ റാണ ഒളിവിൽ പോയി.

  
പ്രവീൺ റാണ നിക്ഷേപകരെ കബളിപ്പിച്ചു സ്വന്തമാക്കിയ 80 കോടിയോളം രൂപയുടെ കള്ളപ്പണം പുണെ, മുംബൈ, ബെംഗളൂരു എന്നിവിടങ്ങളിലേക്കു കടത്തിയെന്നാണു സൂചന. അവിടങ്ങളിലെ ഡാൻസ് ബാറുകളിലും ചൂതാട്ട കേന്ദ്രങ്ങളിലും ഈ പണം നിക്ഷേപിച്ചതായാണു പൊലീസിനു ലഭിച്ച വിവരം. ഇരയായ മുഴുവൻ നിക്ഷേപകരും പരാതി നൽകുന്നതോടെ തട്ടിപ്പിന്റെ വ്യാപ്തി 150 കോടി രൂപ കവിയാൻ സാധ്യതയുണ്ടെന്നാണു പ്രാഥമിക നിഗമനം. കൊച്ചിയിലെ ഫ്ലാറ്റിൽനിന്നു പൊലീസിനെ വെട്ടിച്ചു രക്ഷപ്പെട്ട പ്രവീൺ കണ്ണൂരിലേക്കാണു കടന്നതെന്ന സൂചനയുടെ അടിസ്ഥാനത്തിൽ പൊലീസ് തിരച്ചിൽ നടത്തിയെങ്കിലും കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല.