പൊന്നമ്പലമേട്ടിലെ പൂജ: രണ്ട് വനം വികസന കോർപ്പറേഷൻ ജീവനക്കാർ കസ്റ്റഡിയിൽ

google news
sd
 

പത്തനംതിട്ട: പൊന്നമ്പലമേട്ടില്‍ പൂജ നടത്തിയ സംഭവത്തില്‍ രണ്ട് വനം വികസന കോര്‍പ്പറേഷന്‍ ജീവനക്കാര്‍ കസ്റ്റഡിയില്‍. കെഎഫ്ഡിസി ഗവിയിലെ ജീവനക്കാരായ രാജേന്ദ്രന്‍, സാബു എന്നിവരാണ് കസ്റ്റഡിയിലായത്. സംഘത്തെ കാടിനുള്ളില്‍ പ്രവേശിക്കാന്‍ സഹായിച്ചതിനാണ് വനം വകുപ്പിന്റെ നടപടി. 

അനധികൃതമായി വനത്തിൽ കയറിയതിന് തമിഴ്നാട് സ്വദേശി നാരായണനെതിരെ വനം വകുപ്പ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പച്ചക്കാനം ഫോറെസ്റ്റ് സ്റ്റേഷനിലാണ് കേസ് എടുത്തത്. ഒരാഴ്ച മുൻപാണ് ഇയാൾ പൊന്നമ്പലമേട്ടിൽ എത്തി പൂജ നടത്തിയത്. ശബരിമലയിൽ മുമ്പ് കീഴ്‌ശാന്തിയുടെ സഹായിയായിരുന്നു നാരായണൻ എന്നാണ് വിവരം. 

വനംവകുപ്പ് വാച്ചര്‍മാരുടെ അനുമതിയോടെയാണ് പൂജ നടത്തിയതെന്ന് നാരായണന്‍ നേരത്തെ പ്രതികരിച്ചിരുന്നു.

തൃശ്ശൂരില്‍ വടക്കുനാഥ ക്ഷേത്രത്തിനടുത്താണ് താന്‍ താമസിക്കുന്നത്. ശബരിമല കീഴ് ശാന്തിയുടെ സഹായിയായി ജോലി ചെയ്തിട്ടുണ്ട്. എല്ലാ വര്‍ഷവും ശബരിമലയില്‍ സന്ദര്‍ശനം നടത്താറുണ്ട്. അയ്യപ്പ ഭക്തനും തീര്‍ത്ഥാടകനുമാണെന്നും നാരായണന്‍ പറഞ്ഞു. പൊന്നമ്പല മേട്ടില്‍ പൂജ നടത്തിയാല്‍ എന്താണ് തെറ്റ്. അയ്യപ്പനു വേണ്ടി മരിക്കാനും തയ്യാറാണെന്നും നാരായണസ്വാമി പറഞ്ഞിരുന്നു.

  

അതേസമയം സംഭവത്തിൽ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ അടിയന്തിര റിപ്പോർട്ട് തേടിയിട്ടുണ്ട്. തിരുവിതാംകൂർ ദേവസ്വം ബോർഡ് കമീഷണറോട്  ഇതേക്കുറിച്ച് വിശദമായി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാനാണ് മന്ത്രി ആവശ്യപ്പെട്ടത്. സംഭവം വിശദമായ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വനം വകുപ്പ് മേധാവിക്കും പൊലീസ് മേധാവിക്കും പരാതി നൽകുമെന്ന് ദേവസ്വം ബോർഡ്‌ വ്യക്തമാക്കി.

Tags