ഒമിക്രോണ്‍: സ്‌കൂളുകള്‍ അടയ്ക്കില്ല; രോഗവ്യാപനം കൂടിയാല്‍ വിദഗ്ധ അഭിപ്രായം തേടും: വി ശിവന്‍കുട്ടി

v sivankutty

തിരുവനന്തപുരം: ഒമിക്രോണ്‍ വ്യാപനത്തിൻ്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് സ്‌കൂളുകള്‍ അടയ്‌ക്കേണ്ട സാഹചര്യമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഭാവിയില്‍ രോഗവ്യാപനം കൂടിയാല്‍ വിദഗ്ധരുടെ അഭിപ്രായം പരിഗണിച്ച് തീരുമാനമെടുക്കുമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.

സ്‌കൂള്‍ തുറന്ന അന്ന് മുതല്‍ ഇതുവരെ അതീവ ഗൗരവമായി ഇടപെടേണ്ട സാഹചര്യത്തിലും ഒരു പ്രശ്‌നവുമില്ലാതെയാണ് പോവുന്നത്. നിലവിലെ സ്‌കൂളുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന രീതിയില്‍ ഒമിക്രോണ്‍ കേസുകള്‍ കൂടിയിട്ടില്ല. ഇനിയും ഒമിക്രോണ്‍ എണ്ണം കൂടി സ്‌കൂള്‍ തുറക്കാന്‍ പറ്റാത്ത സാഹചര്യത്തില്‍ വിദഗ്ധരുടെ അഭിപ്രായം പരിഗണിച്ച് തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു.

അതേസമയം, ഖാദര്‍ കമ്മറ്റി റിപ്പോര്‍ട്ട് ഘട്ടംഘട്ടമായി നടപ്പാക്കുമെന് മന്ത്രി പറഞ്ഞു. അതിൻ്റെ ഭാഗമായാണ് വിദ്യാഭ്യാസഡയറക്ടര്‍ എന്നുള്ള പോസ്റ്റ്മാറി ഡയറക്ടര്‍ ഓഫ് ജനറല്‍ ഏജ്യുക്കേഷന്‍ എന്നാക്കിയത്. സ്‌കൂളുകളില്‍ ഹെഡ് ഓഫ് ദ ഡിപ്പാര്‍ട്ട് മെന്റ് പ്രിന്‍സിപ്പാലാകും. മുഴുവന്‍ അധ്യാപകസംഘടനകളുടെയും മാനേജമെന്റിൻ്റെയും അനധ്യാപകസംഘടനകളുടെയും യോഗം ചേര്‍ന്നിരുന്നതായും മന്ത്രി പറഞ്ഞു. 

അധ്യാപകസംഘടനകള്‍ക്ക് അവരുടെ ആവശ്യങ്ങളും പ്രയായസങ്ങളും സര്‍ക്കാരിൻ്റെ  ശ്രദ്ധയില്‍പ്പെടുത്താം. അല്ലാതെ രാഷ്ട്രീയ മുദ്രാവാക്യം നടത്തി വിദ്യാഭ്യാസരംഗം താറുമാറാക്കാന്‍ ശ്രമിച്ചാല്‍ സര്‍ക്കാര്‍ അതിനെ നേരിടുമെന്ന് മന്ത്രി പറഞ്ഞു.