'ഒരു മാസത്തിനിടെ ഞങ്ങളിലൊരാൾ കൊല്ലപ്പെട്ടേക്കാം'; ഫേയ്സ്ബുക്ക് പോസ്റ്റുമായി ജിജോ തില്ലങ്കേരി

d
 

കണ്ണൂർ: ഒരു മാസത്തിനിടെ തങ്ങളിലൊരാൾ കൊല്ലപ്പെടുമെന്ന് ആകാശ് തില്ലങ്കേരിയുടെ കൂട്ടാളി ജിജോ തില്ലങ്കേരിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. കൊലപാതകത്തിന്‍റെ പാപക്കറ സിപിഎമ്മിന് മേൽകെട്ടി വച്ച് വേട്ടയാടരുതെന്നും രാഷട്രീയ മുതലെടുപ്പിനായി ആർഎസ്എസ് ശ്രമിക്കുന്നുണ്ടെന്നുമാണ് ജിജോ കുറിച്ചത്. പാർട്ടിയെ തെറ്റിദ്ധരിക്കരുതെന്നും ജിജോ തില്ലങ്കേരി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. 20 മിനിറ്റിന് ശേഷം ഫേസ്ബുക്കിൽ നിന്നും പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തു.

പാർട്ടിക്കായി ജയിലിൽ പോയ തന്നെ കരിവാരിത്തേക്കുന്നു എന്ന പ്രതിരോധവുമായിട്ട് ആകാശ് തില്ലങ്കേരിയുടെ കൂട്ടാളിയായ ജിജോ തില്ലങ്കേരി ഇന്ന് രാവിലെ രംഗത്തെത്തിയിരുന്നു. സിപിഎമ്മിനെ തകർക്കാൻ ശ്രമിക്കുന്നത് തങ്ങളല്ല മാധ്യമങ്ങളാണെന്നും തള്ളിപ്പറഞ്ഞാലും പാർട്ടിക്കൊപ്പമെന്നുമാണ് ആകാശും സംഘവും പറയുന്നത്. ഇതിന് പിന്നാലെയാണ്, ഒരു മാസത്തിനിടെ ഞങ്ങളിലൊരാൾ കൊല്ലപ്പെട്ടേക്കാമെന്ന് ജിജോ തില്ലങ്കേരിയുടെ അടുത്ത ഫേസ്ബുക്ക് പോസ്റ്റും പ്രത്യക്ഷപ്പെടുന്നത്.   
 
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ തില്ലങ്കേരി സംഘത്തിന്റെ കുറിപ്പുകൾ ചർച്ചയാവുകയാണ്. മന്ത്രി എംബി രാജേഷിന്റെ പേഴ്‌സണ്‍ സ്റ്റാഫ് അംഗത്തിന്റെ ഭാര്യ നല്‍കിയ പരാതിയിൽ ജിജോ തില്ലങ്കേരി, ജയപ്രകാശ് തില്ലങ്കേരി എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ഡിവൈഎഫ്‌ഐ യോഗത്തില്‍ ആകാശിനെ വിമര്‍ശിച്ചതിന് സാമൂഹികമാധ്യമത്തിലൂടെ അപമാനിച്ചുവെന്നാണ് മൂന്ന് പേര്‍ക്കുമെതിരേയുള്ള പരാതി. പിന്നീട് ഇവർ ജാമ്യം നേടി.