ചെന്നിത്തലയെ തോല്‍പ്പിക്കാന്‍ ഉമ്മന്‍ചാണ്ടി ദൂതനെ അയച്ചു; വെളിപ്പെടുത്തലുമായി വെള്ളാപ്പള്ളി

UH

തിരുവനന്തപുരം: 2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ രമേശ് ചെന്നിത്തലയെ തോല്‍പ്പിക്കാന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ഉമ്മന്‍ചാണ്ടിയുടെ ദൂതന്‍ തന്നെ സമീപിച്ചിരുന്നെന്ന വെളിപ്പെടുത്തലുമായി വെള്ളാപ്പള്ളി നടേശൻ.ഹരിപ്പാട് മണ്ഡലത്തില്‍ രമേശ് ചെന്നിത്തലയെ പരാജയപ്പെടുത്താന്‍ സഹായം തേടി ഉമ്മന്‍ചാണ്ടി ദൂതനെ അയച്ചിരുന്നുവെന്ന വെളിപ്പെടുത്തലാണ് എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നടത്തിയിരിക്കുന്നത് .

 2011 ലെ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്തായിരുന്നു ഇത്തരമൊരു നീക്കം.യുഡിഎഫിന് അധികാരം ലഭിച്ചേക്കാവുന്ന സാഹചര്യത്തില്‍ പാര്‍ട്ടിയില്‍ പ്രധാന എതിരാളിയായി ഉയര്‍ന്ന് വന്നേക്കാവുമെന്ന പ്രതീക്ഷിച്ചിരുന്ന രമേശ് ചെന്നിത്തലയെ ഒതുക്കാന്‍ ഉമ്മന്‍ചാണ്ടി പ്രവര്‍ത്തിച്ചുവെന്നാണ് വെള്ളാപ്പള്ളി നടേശന്റെ വാക്കുകള്‍ വ്യക്തമാക്കുന്നത്. രമേശ് ചെന്നിത്തല പിന്നില്‍ നിന്നാണ് കുത്തിയതെങ്കില്‍ ഉമ്മന്‍ ചാണ്ടി മുന്നില്‍ നിന്നാണ് കുത്തിയ അനുഭവമാണ് തനിക്കുള്ളതെന്നും വെള്ളാപ്പള്ളി പറഞ്ഞു.

വെള്ളാപ്പള്ളി നടേശന്റെ വാക്കുകൾ,

''ഓർത്തഡോക്‌സ് സഭയുടെ ഏഴായിരത്തിലധികം വോട്ടുകൾ ഹരിപ്പാട് മണ്ഡലത്തിലുണ്ട്. അവർ മാറി വോട്ട് ചെയ്യും. നിങ്ങൾ കൂടി സഹായിച്ചാൽ രമേശ് ചെന്നിത്തലയെ തോൽപ്പിക്കാം' എന്നാണ് ദൂതൻ പറഞ്ഞത്. ഉമ്മൻ ചാണ്ടിയാണ് ദൂതനെ പറഞ്ഞയച്ചതെന്ന് ഞാൻ പറയുന്നില്ല.എന്നാൽ വന്നയാൾ സഭയുടെ പ്രതിനിധിയായിരുന്നു. ആ പണിക്ക് ഞങ്ങളില്ലെന്നും ദൂതനോട് പറഞ്ഞു''- വെളളാപ്പളളി പറഞ്ഞു..

''എല്ലാ രാഷ്ട്രീയക്കാരെയും വിശ്വസിക്കാന്‍ പറ്റില്ലെന്ന് അനുഭവങ്ങളുണ്ട്. മോശം അനുഭവം പലരില്‍ നിന്നുമുണ്ടായിട്ടുണ്ട്. വി.എം സുധീരന്റെ ആവശ്യപ്രകാരം അന്നത്തെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല എന്നെ അറസ്റ്റ് ചെയ്ത് അകത്തിടാന്‍ നോക്കിയിട്ടുണ്ട്. അത് രമേശ് ചെയ്യാമോ. എന്നെ തെറി പറഞ്ഞാല്‍ മറ്റ് സമുദായങ്ങളുടെ വോട്ട് കിട്ടുമെന്ന അടവുനയമാണ് സുധീരന്‍ പയറ്റിയത്. രമേശ് ചെന്നിത്തല പിന്നില്‍ നിന്നാണ് കുത്തിയതെങ്കില്‍ ഉമ്മന്‍ ചാണ്ടി മുന്നില്‍ നിന്നാണ് കുത്തിയത്.''വെളളാപ്പളളി കുറ്റപ്പെടുത്തി.