സ്പീക്കറുടെ ഓഫീസിന് മുന്നില്‍ പ്രതിപക്ഷ പ്രതിഷേധം; എംഎല്‍എമാരെ വാച്ച് ആന്റ് വാര്‍ഡ് കയ്യേറ്റം ചെയ്തതായി ആരോപണം

strike udf

തിരുവനന്തപുരം: നിയമസഭാ മന്ദിരത്തില്‍ സ്പീക്കര്‍ എഎന്‍ ഷംസീറിന്റെ ഓഫീസിനു മുന്നില്‍ പ്രതിഷേധവുമായി പ്രതിപക്ഷം. യുഡിഎഫ് എംഎല്‍എമാര്‍ ഓഫീസിന് മുന്നില്‍ സത്യാഗ്രഹം നടത്തി. ഇവരെ ബലം പ്രയോഗത്തിലൂടെ മാറ്റാന്‍ വാച്ച് ആന്റ് വാര്‍ഡ് അംഗങ്ങള്‍ ശ്രമിച്ചു. സ്പീക്കര്‍ക്കെതിരെ പ്രതിപക്ഷ അംഗങ്ങള്‍ മുദ്രാവാക്യം മുഴക്കി. അതേസമയം എംഎല്‍എയെ വാച്ച് ആന്റ് വാര്‍ഡ് കൈയ്യേറ്റം ചെയ്തതായി പ്രതിപക്ഷം ആരോപിച്ചു. 

ഇതിനിടെ യുഡിഎഫ് എംഎല്‍എ സനീഷ് കുമാര്‍ ജോസഫ് ബോധം കെട്ട് വീണു. ഇദ്ദേഹത്തെ ഉടന്‍ തന്നെ വാച്ച് ആന്റ് വാര്‍ഡ് അംഗങ്ങള്‍ പ്രതിഷേധം നടന്ന സ്ഥലത്ത് നിന്ന് മാറ്റി.

ഭരണപക്ഷ എംഎല്‍എമാരും ഓഫീസിന് മുന്നിലുണ്ട്. സച്ചിന്‍ ദേവ്, അന്‍സലന്‍ എന്നിവര്‍ ഓഫീസിന് മുന്നിലെത്തിയിട്ടുണ്ട്. പരസ്പരം ആക്രോശിച്ച്, ഭരണപക്ഷ പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ വാക്‌പോരും നടന്നിരുന്നു.