ഇടുക്കി ഡാമില്‍ ഓറഞ്ച് അലേര്‍ട്ട്; ജാഗ്രതാ നിര്‍ദേശം

idukki dam
 


ഇടുക്കി: ജലനിരപ്പ് താഴാത്ത സാഹചര്യത്തില്‍ ഇടുക്കി അണക്കെട്ടില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. നിലവില്‍ ഡാമിലെ ജലനിരപ്പ് 2381.53 അടിയായി ഉയര്‍ന്നു. ജലനിരപ്പ് ഒരടി കൂടി ഉയര്‍ന്നാല്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിക്കും. 
 
മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 137.73 അടിയായി ഉയര്‍ന്നു. പെരിയാറിന്റെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കി. ഡാമിന്റെ 10 സ്പില്‍വേ ഷട്ടറുകള്‍ 30 സെന്റിമീറ്റര്‍ വീതം തുറന്നു. തൃശ്ശൂര്‍ പീച്ചി ഡാമിന്റെ 4 ഷട്ടറുകള്‍ ഉയര്‍ത്തിയിരിക്കുകയാണ്. പാലക്കാട് മലമ്പുഴ ഡാമിന്റെ നാല് ഷട്ടറുകളും തുറന്നു.

മഴയുടെ പശ്ചാത്തലത്തില്‍ ആലപ്പുഴയില്‍ പ്രൊഫഷണല്‍ കോളജ് ഉള്‍പ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (06-08-22) ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. ജില്ലയില്‍ നേരത്തെ നിശ്ചയിച്ച പിഎസ്‌സി പരീക്ഷകള്‍ക്ക് മാറ്റമില്ല. പത്തനംതിട്ട ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കും നാളെ അവധിയാണ്.