ഒരു കോടി ഡോസ് വാക്‌സിൻ വാങ്ങാനുള്ള ഓർഡർ കമ്പനികൾ റദ്ദാക്കി; സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ

hc

കൊച്ചി: ഒരു കോടി ഡോസ് വാക്‌സിൻ വാങ്ങാനുള്ള ഓർഡർ റദ്ദാക്കിയെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. ഇത്രയും അധികം വാക്‌സിൻ നൽകാനാവില്ലെന്ന് കമ്പനികൾ അറിയിച്ചതിനെ തുടർന്ന് ഓർഡർ റദ്ദാക്കിയതെന്ന് സംസ്ഥാന സർക്കാർ കോടതിയെ ബോധിപ്പിച്ചു.

കോടതി ഹർജി പരിഗണിക്കുന്നത് വ്യാഴാഴ്ചത്തേക്ക് മാറ്റി. വാക്‌സിൻ വിതരണ നയത്തിലെ അപാകതകൾ ചൂണ്ടിക്കാണിച്ച് ഹൈക്കോടതിയിൽ സമർപ്പിച്ച ഒരു കൂട്ടം വാദം കേൾക്കുന്നതിനിടയിലാണ് സർക്കാർ ഈ കാര്യം പറഞ്ഞത്.

നേരത്ത 18 നും 44 നും ഇടയിൽ പ്രായമുള്ളവർ വാക്‌സിൻ പണം നൽകി വാങ്ങണമെന്നായിരുന്നു കേന്ദ്ര സർക്കാരിന്റെ വാക്‌സിൻ നയം. ഇതിന് ബദൽ മാർഗമെന്നോണം സംസ്ഥാനം എല്ലാവര്ക്കും വാക്‌സിൻ സൗജന്യമായി നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ ഒരു കോടി ഡോസ് കമ്പനികളിൽ നിന്നും വാങ്ങാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. ഇതിന്റെ തുടർച്ചയായി നൽകിയ ഓർഡർ റദ്ദ് ചെയ്തുവെന്നാണ് സംസ്ഥാനം കോടതിയെ അറിയിച്ചത്.

ഒന്നിച്ച് വാക്‌സിൻ നൽകാൻ കേന്ദ്രത്തിന്റെയും ഉന്നതതല സമിതിയുടെയും അനുമതി വേണമെന്ന് നിലപാടിലാണ് കമ്പനികൾ. കേസിൽ കേന്ദ്ര സർക്കാരും കക്ഷിയാണ്. വാദത്തിന്റെ ഒരു ഘട്ടത്തിൽ എല്ലാവർക്കും വാക്‌സിൻ സൗജന്യമായി നൽകി കൂടെയെന്ന് കോടതി കേന്ദ്ര സർക്കാരിനോട് ചോദിച്ചിരുന്നു.