പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടന്ന് പിടിച്ച് ഇതരസംസ്ഥാന തൊഴിലാളി; പൊലീസിൽ നിന്ന് മോശം അനുഭവമെന്ന് കുടുംബം

rape
തിരുവനന്തപുരം: തലസ്ഥാനത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ഇതരസംസ്ഥാന തൊഴിലാളിയുടെ അതിക്രമം. തൈക്കാട് ആശുപത്രിക്ക് സമീപം വെച്ചാണ് പ്ലസ് വൺ വിദ്യാർത്ഥിനിക്ക് നേരെ അതിക്രമം ഉണ്ടായത്. പെൺകുട്ടിയെ നടുറോഡിൽവെച്ച് വെച്ച് ഇയാൾ കടന്ന് പിടിക്കുകയായിരുന്നു. 

ഇന്ന് വൈകീട്ടാണ് സംഭവം. ഒരു മകളെ തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ കൊണ്ട് വിട്ട് അച്ഛനും അമ്മയും മറ്റൊരു മകളും മടങ്ങുന്നതിനിടെയാണ് തൈക്കാട് വെച്ച് സംഭവമുണ്ടായത്. കാറിൽ മടങ്ങുന്നതിനിടെ കാറിന്റെ ഡിക്കി ഡോർ തുറന്നതായി ശ്രദ്ധയിൽ പെട്ട ഇവർ വഴിയിൽ കാർ നിർത്തുകയായിരുന്നു. ഡിക്കി ഡോർ അടക്കാനായി പുറത്തിറങ്ങിയ ഇവരുടെ മകളെയാണ് ഇതിനിടെ ഒരാൾ കടന്ന് പിടിച്ചത്.

പെൺകുട്ടിയുടെ കരച്ചിൽ കേട്ട് അച്ഛനും അമ്മയും കാറിൽ നിന്ന് പുറത്തിറങ്ങിയതോടെയാണ് ഇയാൾ പിടിവിട്ടത്. അപ്പോഴേക്കും ഓടിയെത്തിയ നാട്ടുകാർ ചേർന്ന് ഇയാളെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. സംഭവത്തിൽ പെൺകുട്ടിയുടെ അച്ഛൻ പൊലീസിന് പരാതി നൽകി. എന്നാൽ പൊലീസിൽ നിന്നുണ്ടായത് മോശം അനുഭവമാണെന്ന് പെൺകുട്ടിയുടെ അച്ഛൻ പറഞ്ഞു.

പരാതി വാങ്ങിയ വനിതാ പൊലീസ് ഉദ്യോഗസ്ഥ പെൺകുട്ടിയോട് കാര്യങ്ങൾ തിരക്കുന്നതിന് പകരം പെൺകുട്ടിയോട് അതിക്രമം കാണിച്ച ഇതര സംസ്ഥാന തൊഴിലാളിയെ ഇവർ അക്രമിച്ചോ എന്നാണ് അന്വേഷിച്ചതെന്ന് പെൺകുട്ടിയുടെ അച്ഛൻ പറഞ്ഞു. പൊലീസുകാർ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ആശ്വസിപ്പിക്കാനോ കേൾക്കാനോ ശ്രമിച്ചില്ലെന്നും അതിക്രമിച്ചയാളെ സംരക്ഷിക്കാനാണ് ശ്രമിച്ചതെന്നും അച്ഛൻ പറഞ്ഞു.