വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റിലെ പിഴവു മൂലം വിദേശയാത്ര തടസ്സപ്പെട്ടു; തിരുത്തി നല്‍കാന്‍ ഹൈക്കോടതി നിർദ്ദേശം

vaccine

കൊച്ചി: വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റിലെ പിഴവു മൂലം വിദേശയാത്ര തടസ്സപ്പെട്ട ദമ്പതികള്‍ക്ക് ആശ്വാസമായി ഹൈക്കോടതി വിധി. മൂന്നാഴ്ചയ്ക്കകം ഇവരുടെ സര്‍ട്ടിഫിക്കറ്റ് തിരുത്തി നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം നല്‍കി.

ആലുവ സ്വദേശിയായ എഴുപത്തിമൂന്നുകാരയ കെ പി ജോണ്‍, ഭാര്യ പി സാലി എന്നിവര്‍ നല്‍കിയ ഹര്‍ജിയിലാണ്  ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണൻ്റെ  ഉത്തരവ്. വിദേശത്തുള്ള മക്കളുടെ അടുത്തു പോവുന്നതിന് സര്‍ട്ടിഫിക്കറ്റ് തിരുത്തി നല്‍കണമെന്നാണ് ഇവര്‍ ആവശ്യപ്പെട്ടത്.

വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ തീയതിയും സ്ഥലവും തെറ്റായ രേഖപ്പെടുത്തിയതിനെക്കുറിച്ച് അന്വേഷിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ നേരത്തെ ജില്ലാ മെഡിക്കല്‍ ഓഫിസറോടു നിര്‍ദേശിച്ചിരുന്നു. പിഴവു സംഭവിച്ചിട്ടുണ്ടെന്നും ഇതു തിരുത്താവുന്നതാണെന്നും ഡിഎംഒ റിപ്പോര്‍ട്ടില്‍ അറിയിച്ചു. കേന്ദ്ര സര്‍ക്കാരാണ് അന്തിമ തിരുത്തു വരുത്തേണ്ടതെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചതിനെ തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കിയത്.