പെയിന്റിങ് തൊഴിലാളിയുടെ ആത്മഹത്യ: 5000ത്തിന് പ്രതിദിനം 300 രൂപ പലിശ; ആത്മഹത്യയ്ക്ക് പിന്നിൽ ഭീഷണി

painting worker suicide

തൃശ്ശൂർ: ഗുരുവായൂർ കോട്ടപ്പടിയിൽ പെയിന്റിങ് തൊഴിലാളി ആത്മഹത്യ ചെയ്തത് പലിശക്കാരുടെ ഭീഷണിമൂലമെന്ന് പരാതി. കോട്ടപ്പടി സ്വദേശി രമേശ് ഈ മാസം 12നാണ് ആത്മഹത്യ ചെയ്തത്. രമേശിന്‍റെ ഭാര്യയുടെ പരാതിയിൽ പോലീസ് കേസ് എടുത്തു. ബിരുദ വിദ്യാർത്ഥിയായ മകളും ഭാര്യയും അടങ്ങുന്നതാണ് രമേശിന്‍റെ കുടുംബം.

പെയിന്റിങിൽ നിന്നും ലഭിക്കുന്ന വരുമാനത്തിലാണ് ഇവരുടെ ജീവിതം. എന്നാൽ കോവിഡും ലോക്ക്ഡൗണും മൂലം ഏറെ നാൾ തൊഴിൽ ഉണ്ടായിരുന്നില്ല. നിരവധി പേരിൽ നിന്നായി കടം വാങ്ങിയാണ് രമേശ് കുടുംബം നോക്കിയത്. ബ്ലേഡ് മാഫിയ നിരന്തരം ഭർത്താവിനെ ഭീഷണിപ്പെടുത്തിയിരുന്നതായി ഭാര്യ ആരോപിച്ചു. 5000 രൂപയ്ക്ക് പ്രതിദിനം 300 രൂപവരെ പലിശ വാങ്ങിയെന്ന് കുടുംബം പറയുന്നു. തന്നെയും ഭീഷണിപ്പെടുത്തുന്ന ശബ്ദരേഖ അടക്കമാണ് പരാതി നൽകിയത്.

ഓഗസ്റ്റ് ആറാം തിയതിയാണ് രമേശ് പണം കടമെടുത്തത്. കടമെടുത്തതിന്‍റെ ഇരട്ടിയിലധികം പണം തിരികെ നല്‍കിയെങ്കിലും വീണ്ടും പണം ആവശ്യപ്പെട്ട് ബ്ലേഡ് മാഫിയ ഭീഷണിപ്പെടുത്തുകയായിരുന്നു. പണം കൊടുക്കാതായപ്പോൾ വാഹനം പിടിച്ചു വാങ്ങിയെന്നും രമേശിന്‍റെ കുടുംബം പറഞ്ഞു.