നാര്‍ക്കോട്ടിക് ജിഹാദിന്റെ തെളിവുകൾ പാലാ ബിഷപ്പ് പുറത്തുവിടണം; സത്താര്‍ പന്തല്ലൂര്‍

sathar - bishop
കോഴിക്കോട്: സംസ്ഥാനത്ത് ലൗ ജിഹാദും നാര്‍ക്കോട്ടിക് ജിഹാദും നടക്കുന്നുണ്ടെന്ന് ആരോപണമുന്നയിച്ച പാലാ രൂപത ബിഷപ്പ് ജോസഫ് കല്ലറങ്ങോട്ട് അതിന്റെ തെളിവുകള്‍ പുറത്തുവിടണമെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍ ആവശ്യപ്പെട്ടു. 

'ലൗ ജിഹാദ്, നാർകോട്ടിക് ജിഹാദ് ആരോപണത്തിന്റെ തെളിവുകൾ പാലാ ബിഷപ്പ് വെളിപ്പെടുത്തണം. അതിന് കഴിയില്ലെങ്കിൽ അദ്ദേഹം നാർകോട്ടിക് അടിച്ചതെവിടെ നിന്നെന്ന് തുറന്നു പറയണം. രണ്ടും നടക്കില്ലെങ്കിൽ ഈ വിഷ സർപ്പത്തെ പിടിച്ച് കൂട്ടിലടക്കണം'- സത്താര്‍ പന്തല്ലൂര്‍ ഫേസ്​ബുക്കിൽ കുറിച്ചു. 

കേരളത്തിൽ ലവ് ജിഹാദിനൊപ്പം നർക്കോട്ടിക് ജിഹാദുമുണ്ടെന്ന ​ആരോപണമാണ്​ പാലാ രൂപത ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഉന്നയിച്ചത്​. നർകോട്ടിക്, ലവ് ജിഹാദുകൾക്ക് കത്തോലിക്ക പെൺകുട്ടികളെ ഇരയാക്കുന്നുവെന്നും ഇതിനെതിരെ കത്തോലിക്ക കുടുംബങ്ങൾ കരുതിയിരിക്കണമെന്നും ബിഷപ്പ് വചന സന്ദേശത്തിൽ പറഞ്ഞിരുന്നു. ഇതിനെതിരായാണ്​ ബിഷപ്പ്​ തെളിവുകൾ വെളിപ്പെടുത്തണമെന്ന ആവശ്യവുമായി എസ്.കെ.എസ്.എസ്.എഫ് നേതാവ്​ രംഗത്ത്​ എത്തിയത്​.  കുറവിലങ്ങാട് പള്ളിയുടെ യുട്യൂബ് ചാനലിലൂടെയാണ് ബിഷപ്പി​െൻറ പ്രസംഗം പുറത്തുവന്നത്.