പാലക്കാട് വൃദ്ധ ദമ്പതികളുടെ കൊലപാതകം: ആദ്യം വെട്ടിയത് അമ്മയെ; മുറിവുകളിലും വായിലും കീടനാശിനി ഒഴിച്ചു: സനൽ

son arrested for killing elderly couple in puthuppariyaram

പാലക്കാട്: പുതുപ്പരിയാരത്ത് വൃദ്ധ ദമ്പതികൾ വീടനകത്ത് ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന തുറന്നുപറച്ചിലുമായി മകൻ. വൃദ്ധ ദമ്പതികളുടെ മകനും കേസിലെ പ്രതിയുമായ സനൽ ആണ് പോലീസി​ന്‍റെ തെളിവെടുപ്പിനിടെ ക്രൂരമായ കൊലപാത സംഭവം വിവരിച്ചത്. അമ്മ ദേവിയുടെ ശരീരത്തില്‍ 33 വെട്ടുകള്‍ ഏറ്റിരുന്നു എന്നാണ് പോസ്റ്റുമോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. നടുവിന് പരിക്കേറ്റ് കിടപ്പിലായിരുന്ന അച്ഛന്‍ ചന്ദ്രൻ നിലവിളിച്ചതിനെ തുടര്‍ന്ന് സനൽ ഇദ്ദേഹത്തെയും വെട്ടി.

ചന്ദ്രന്‍റെ ശരീരത്തില്‍ 26 വെട്ടുകളേറ്റു. ഇരുവരും പിടയുമ്പോള്‍  സനൽ  മുറിവുകളിലും വായിലും കീടനാശിനി ഒഴിച്ചുവെന്ന് പോലീസ് പറഞ്ഞു. മരിച്ച ചന്ദ്രൻ്റെയും ദേവിയുടേയും മുഖത്ത് നിരവധി വെട്ടേറ്റിരുന്നു. കൊല നടത്തിയ ശേഷം സനൽ രക്തം കഴുകിക്കളഞ്ഞത് അച്ഛന്‍ മരിച്ചു കിടന്ന മുറിയില്‍ വച്ചാണ്. ഇതിന് ശേഷം അമ്മയുടെ മൃതദേഹത്തിനടുത്തിരുന്ന് ആപ്പിള്‍ കഴിച്ചുവെന്നും സനൽ പോലീസിന് മൊഴി നൽകി. വിഷം കയറുന്നതിനാണ് മുറിവുകളില്‍ കീടനാശിനി ഒഴിച്ചതെന്നും സനല്‍ പോലീസിനോട് പറഞ്ഞു.

കൊലപാതകത്തിനുപയോഗിച്ച അരിവാളും കൊടുവാളും വീടിനകത്തു നിന്നും കണ്ടെടുത്തു. ഈ ആയുധങ്ങളിലുള്ള രക്തക്കറയും മുടിയും പരിശോധനക്കയക്കുമെന്ന് പോലീസ് പറഞ്ഞു. കൊല നടന്ന ദിവസം രാവിലെ അമ്മ ദേവി വെള്ളം ചോദിച്ചതിനെ തുടര്‍ന്ന് സനലുമായി തര്‍ക്കമുണ്ടായി. തുടർന്ന്  അടുക്കളയില്‍ നിന്ന് കൊണ്ടുവന്ന അരിവാളും കൊടുവാളും ഉപയോഗിച്ച് സനൽ അമ്മയെ വെട്ടിവീഴ്ത്തി. കൈകളിലും കഴുത്തിലും തലയിലും കവിളിലും വെട്ടിയെന്നും പോലീസ് പറയുന്നു.

ഇതുകണ്ട് നിലവിളിച്ചപ്പോഴാണ് അച്ഛന്‍ ചന്ദ്രനെയും വെട്ടിയത്. ചോദ്യം ചെയ്യല്‍ ഘട്ടത്തില്‍ യാതൊരു കുറ്റബോധമില്ലാതെയാണ് സനൽ പ്രതികരിച്ചിരുന്നതെന്ന് പോലീസ് പറയുന്നു. പ്രതി മയക്കുമരുന്ന് ഉപയോഗിച്ചോയെന്ന് പരിശോധിയ്ക്കും. കൊലപാതകം നടന്ന വീട്ടിൽ നിന്ന് കണ്ടെടുത്ത സിറിഞ്ചുകൾ സനൽ മയക്കുമരുന്ന് ഉപയോഗിച്ചതാണെന്ന് പോലീസിന് സംശയമുണ്ട്. ഇതിൽ വ്യക്തത വരുത്തുന്നതിനായി ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും മൊഴിയെടുക്കും.

സനൽ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായും പോലീസ് സൂചിപ്പിച്ചു. ഞായറാഴ്ച രാത്രിയാണ് സംഭവം. കൊലപാതകത്തിന് ശേഷം മൈസുരുവിലേക്ക് ഒളിവിൽ പോയ മകൻ സനലിനെ സഹോദരൻ പാലക്കാട്ടേക്ക് വിളിച്ചു വരുത്തുകയായിരുന്നു. വീട്ടില്‍ കള്ളന്‍ കയറിയെന്നും മാതാപിതാക്കള്‍ കൊല്ലപ്പെട്ടെന്നും പറഞ്ഞു. സംസ്കാരച്ചടങ്ങുകള്‍ നടത്താന്‍ നാട്ടിലെത്തണമെന്ന് സനലിനോട് ആവശ്യപ്പെട്ടു. രാവിലെ ഏഴരയോടെയാണ് സനല്‍ പുതുപ്പരിയാരത്തെ വീട്ടിലെത്തിയത്. 

പുതുപ്പെരിയാരത്തെ വീട്ടിലെത്തിയ പ്രതിയെ നാട്ടുകാരുടെ സഹായത്തോടെയാണ് പോലീസിലേൽപ്പിച്ചത്. പിടിയിലായ സന​ൽ എ​റ​ണാ​കു​ള​ത്ത് സിസി​ടി​വി ടെ​ക്നീ​ഷ്യ​നാ​യി ജോ​ലി ചെ​യ്യു​കയായിരുന്നു. നേരത്തെ മുംബെയിൽ സ്വർണ്ണാഭരണ നിർമ്മാണ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന സനൽ ലോക്ഡൗൺ സമയത്താണ് നാട്ടിലെത്തിയത്.