പമ്പ ഡാം തുറന്നു; തീരപ്രദേശത്തും ശബരിമല തീര്‍ഥാടകര്‍ക്കും ജാഗ്രതാ നിർദേശം

pamba dam

പത്തനംതിട്ട: ജലനിരപ്പ് ഉയര്‍ന്നതോടെ പമ്പ ഡാം തുറന്നു. ഡാമിൻ്റെ രണ്ട് ഷട്ടറുകളാണ് ഉയര്‍ത്തിയത്. 25 മുതല്‍ 100 വരെ ഘനയടി വെള്ളമാണ് സെക്കന്റില്‍ പുറത്തേക്ക് ഒഴുക്കുന്നത്. ജനവാസ മേഖലകളില്‍ 10 സെന്റിമീറ്ററില്‍ കൂടുതല്‍ ജലനിരപ്പ് ഉയരാതെ ജലം തുറന്നുവിടാനാണ് നിര്‍ദേശം. പമ്പയില്‍ റെഡ് അലേര്‍ട്ട് തുടരുകയാണ്. പമ്പ നദിയിലെയും ഡാമുകളിലെയും ജലനിരപ്പ് കൃത്യമായ ഇടവേളകളില്‍ നിരീക്ഷിച്ചുവരികയാണ്.

ഒഴുക്കിവിട്ട ജലം ആറ് മണിക്കൂറിന് ശേഷം പമ്പ ത്രിവേണിയില്‍ എത്തും. നദീതീരത്ത് താമസിക്കുന്നവര്‍ക്കും ശബരിമല തീര്‍ത്ഥാടകര്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി. 

അതേസമയം ജലനിരപ്പ് ഉയര്‍ന്നതോടെ കക്കി ഡാമിൻ്റെ ഷട്ടറുകളും ഉയര്‍ത്തി. മൂന്ന്, നാല് ഷട്ടറുകള്‍ 90 സെ.മീ വീതമാണ് ഉയര്‍ത്തിയാണ് പരമാവധി ജലം പുറത്തേക്ക് ഒഴുക്കുന്നത്. ജില്ലയില്‍ തുടര്‍ച്ചയായി പെയ്യുന്ന കനത്ത മഴയെ തുടര്‍ന്ന് ഇന്നലെ തന്നെ ഡാമില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാച്ചിരുന്നു. ഇന്ന് മഴയ്ക്ക് ശമനമുണ്ടായതോടെ ശബരിമല തീര്‍ത്ഥാടകര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം നീക്കി.

അതേസമയം ഇടുക്കി ചെറുതോണി അണക്കെട്ടിൻ്റെ ഒരു ഷട്ടര്‍ കൂടി ഉയര്‍ത്തി. ഒരു ഷട്ടര്‍ ഒരു മീറ്റര്‍ വരെയാണ് ഉയര്‍ത്തുന്നത്. ഡാമിലെ ജലനിരപ്പ് അപ്പര്‍ റൂള്‍ കര്‍വ് പരിധിയായ 2400.03 അടിയിലേക്ക് ഉയരുന്ന സാഹചര്യത്തിലാണ് നടപടി. ചെറുതോണി, പെരിയാര്‍ പുഴകളുടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ഡാമിലെ നിലവിലെ ജലനിരപ്പ് 2,399.88 അടിയായി. ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമായി തുടരുകയാണ്.