അഴിമതിക്കാരായ ഉദ്യോഗസ്ഥരെ ജനങ്ങള്‍ പ്രോത്സാഹിപ്പിക്കരുത്: വന്യൂ മന്ത്രി

google news
k rajan
 

കൊച്ചി: ജനങ്ങള്‍ അഴിമതിക്കാരായ ഉദ്യോഗസ്ഥരെ പ്രോത്സാഹിപ്പിക്കരുതെന്ന് റവന്യൂ മന്ത്രി കെ. രാജന്‍. കൈക്കൂലി വാങ്ങില്ല എന്നതിനു പുറമേ, കൈക്കൂലി വാങ്ങാന്‍ അനുവദിക്കില്ല എന്ന സാമൂഹിക പ്രതിബദ്ധതകൂടി സര്‍ക്കാര്‍ ജീവനക്കാര്‍ക്കുണ്ടാകണമെന്നും മന്ത്രി പറഞ്ഞു. പാലക്കാട് മണ്ണാര്‍ക്കാടുനിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റിനെ പിടികൂടിയ സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം.


കൈക്കൂലിയുമായി ബന്ധപ്പെട്ട് സംസ്ഥാന റവന്യൂ വകുപ്പ് ആഭ്യന്തര അന്വേഷണം നടത്തും. പുഴുക്കുത്തുകളെ ജീവനക്കാർ ഒറ്റപ്പെടുത്തണം. ഒരു അഴിമതിക്കും കൂട്ടു നിൽക്കാൻ അനുവദിക്കില്ല. കൈക്കൂലി വളരെ ഗൗരവമായാണ് സർക്കാർ കാണുന്നത്. അഴിമതിക്കാർക്കെതിരെ ശിക്ഷ വർദ്ധിപ്പിക്കണം. അഴിമതി അറിയിക്കാൻ ഓൺലൈൻ പോർട്ടലും ടോൾ ഫ്രീ നമ്പറുമുണ്ട്. മൂന്ന് വർഷം കഴിഞ്ഞ വില്ലേജ് അസിസ്റ്റന്റ് , വില്ലേജ് ഫീൽഡ് അസിസ്റ്റന്റുമാരെ സ്ഥലം മാറ്റാൻ ലാൻഡ് റവന്യൂ കമ്മീഷണറേറ്റിന് നിർദ്ദേശം നൽകിയെന്നും അദ്ദേഹം പറഞ്ഞു.


റവന്യൂ വകുപ്പില്‍ ജോലിചെയ്യുന്ന ഒരാളില്‍നിന്ന് ഇത്ര വലിയ അഴിമതിയുണ്ടായത് ഗൗരവതരമാണ്. ഇയാളെ സംഭവം അറിഞ്ഞ ഉടന്‍തന്നെ സസ്‌പെന്‍ഡ് ചെയ്തു. അഴിമതിക്കെതിരായ സര്‍ക്കാര്‍ നടപടികള്‍ കൂടുതല്‍ ശക്തമാക്കും. ജനങ്ങള്‍ ഇത്തരം നടപടികളെ പ്രോത്സാഹിപ്പിക്കരുത്. ഇത്തരം അഴിമതി നടത്തുന്ന ഉദ്യോഗസ്ഥരെ സംബന്ധിച്ച വിവരങ്ങള്‍ നല്‍കുന്നവരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തില്ലെന്നും മന്ത്രി പറഞ്ഞു.


അഴിമതിയെന്നത് റവന്യൂ വകുപ്പിലെ മാത്രം പ്രശ്‌നമല്ല. സര്‍ക്കാരിനെയും സര്‍ക്കാര്‍ ജീവനക്കാരെയും ബാധിക്കുന്ന പൊതുവായ അപകടമാണിത്. മഹാഭൂരിപക്ഷം വരുന്ന ജീവനക്കാര്‍ വളരെ സത്യസന്ധമായി ജോലിചെയ്യുന്നവരാണ്. അതിനെ മുതലെടുക്കുന്ന ഒരു വിഭാഗത്തിനെതിരായി വലിയ സമരം സര്‍ക്കാര്‍ ജീവനക്കാര്‍ക്കിടയില്‍തന്നെ ഉയര്‍ന്നുവരണം. സ്വയം കൈക്കൂലി വാങ്ങില്ല എന്നതിനു പുറമേ, മറ്റുള്ളവരെ വാങ്ങാന്‍ അനുവദിക്കില്ല എന്ന സാമൂഹിക പ്രതിബദ്ധതകൂടി എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കുമുണ്ടാകണമെന്നും റവന്യൂ മന്ത്രി പറഞ്ഞു.

Tags