കോഴിക്കോട് മിഠായിത്തെരുവില്‍ വഴിയോര കച്ചവടത്തിന് അനുമതി

mittayi


കോഴിക്കോട്: മിഠായിത്തെരുവില്‍ വഴിയോരക്കച്ചവടക്കാര്‍ക്ക് കച്ചവടം നടത്താന്‍ അനുമതി. കോര്‍പറേഷന്റെ അനുമതിയുള്ള കച്ചവടക്കാര്‍ക്കാണ് അനുമതി. ഇതിനായി 36 കേന്ദ്രങ്ങള്‍ കോര്‍പറേഷന്‍ മാര്‍ക്ക് ചെയ്തു നല്‍കും. കോര്‍പറേഷന്‍ സ്ട്രീറ്റ് വൈന്റിങ് കമ്മറ്റിയുമായി വ്യാപാരികളും പോലീസ് നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.

കടകള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ ആരംഭിച്ചെങ്കിലും വഴിയോരക്കച്ചവടം അനുവദിക്കില്ലെന്ന നിലപാട് പോലീസ് സ്വീകരിച്ചതിനു പിന്നാലെ കച്ചവടക്കാരും പോലീസും തമ്മില്‍ ഇന്ന് തര്‍ക്കവും സംഘര്‍ഷും ഉണ്ടായിരുന്നു. 

മിഠായി തെരുവില്‍ പ്രവര്‍ത്തിക്കാന്‍ ലൈസന്‍സുള്ള നൂറിലേറെ വഴിയോര കച്ചവടക്കാരുണ്ട്. ഇവരെ കച്ചവടം നടത്താന്‍ അനുവദിക്കണമെന്നായിരുന്നു വ്യാപാരികളുടെ ആവശ്യം. എന്നാല്‍, വഴിയോര കച്ചവടം തുടങ്ങിയാല്‍ ആളുകള്‍ കൂടാന്‍ സാധ്യതയുണ്ടെന്നും അനുവദിക്കാനാവില്ലെന്നും കച്ചവടം നടത്തിയാല്‍ പിടിച്ചെടുക്കുമെന്നും പോലീസ് അറിയിച്ചു. ഇതോടെ കച്ചവടക്കാര്‍ സംഘടിച്ചെത്തുകയായിരുന്നു. 

ഇതിനു പിന്നാലെ കോര്‍പറേഷന്‍ സ്ട്രീറ്റ് വെന്‍ഡിങ് കമ്മറ്റിയുമായി വ്യാപാരികളും പോലീസും നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമുണ്ടായത്.