എല്ലാദിവസവും കടകൾ തുറക്കാന്‍ അനുമതി വേണം; കോഴിക്കോട് പോലീസും വ്യാപാരികളും തമ്മിൽ സംഘർഷം

police

കോഴിക്കോട്: കോഴിക്കോട് വ്യാപാരികളും പോലീസും തമ്മിൽ സംഘർഷം. എല്ലാദിവസവും കടകൾ തുറക്കാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരികൾ പ്രതിഷേധിക്കവേയാണ് സംഘർഷമുണ്ടായത്. വ്യാപാര വ്യവസായ ഏകോപന സമിതിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. അറസ്റ്റ് ചെയ്താലും കടകള്‍ തുറക്കാതെ പിന്നോട്ടില്ലെന്ന നിലപാടിലാണ് വ്യാപാരികള്‍.  പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. 

വരുംദിവസങ്ങളില്‍ പ്രതിഷേധം ശക്തിപ്പെടുത്താനാണ് വ്യാപാരികളുടെ നീക്കം. കഴിഞ്ഞ ദിവസം പ്രതിഷേധ സൂചകമായി വ്യാപാരികള്‍ ഒരുദിവസത്തെ പണിമുടക്ക് നടത്തിയിരുന്നു. സര്‍ക്കാരുമായി ചര്‍ച്ച നടത്തിയെങ്കിലും വ്യാപാരികള്‍ക്ക് അനുകൂലമായ നടപടിയുണ്ടായില്ല. 

വ്യാപാരികള്‍ പ്രകോപനപരമായ നിലപാട് സ്വീകരിക്കരുതെന്നും ചർച്ചയിലൂടെ വിഷയം പരിഹരിക്കാമെന്നും മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. വ്യാപാരികളുമായി ജില്ലാ കളക്ടർ ഉടന്‍ സംസാരിക്കുമെന്നും മന്ത്രി അറിയിച്ചു. വിഷയം ഗൗരവത്തോടെ  പരിഗണിക്കണമെന്ന് ടി സിദ്ധിഖ് എംഎല്‍എ ആവശ്യപ്പെട്ടു. 

കടയടയ്ക്കാന്‍ അഞ്ചുമിനിറ്റ് വൈകിയാല്‍ പോലും പൊലീസ് പിഴ ഈടാക്കുകയാണ്. കച്ചവടം അനുവദിച്ചില്ലെങ്കില്‍ വ്യാപാരികളും സംസ്ഥാനം വിടുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്‍റ് ടി ഒ നസുറുദീന്‍ പറഞ്ഞു. അതേസമയം പ്രതിഷേധിച്ച വ്യാപാരികള്‍ക്ക് എതിരെ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.