തിരുവനന്തപുരം : റോബിൻ ബസിന്റെ പെർമിറ്റ് റദ്ദാക്കി. നിരന്തരമായി നിയമലംഘനങ്ങൾ നടത്തിയതിനെ തുടർന്നാണ് ഗതാഗത സെക്രട്ടറിയുടെ നടപടി. 2023ലെ ആൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് റൂൾസ് ചൂണ്ടിക്കാട്ടിയാണ് നടപടി. നിയമലംഘനങ്ങൾ ഇനിയും ആവർത്തിക്കാൻ സാധ്യതയുണ്ടെന്നും ഉത്തരവിലുണ്ട്.
ആഗസ്റ്റ് 30നാണ് ബസിന് ആൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് ലഭിച്ചത്. എന്നാൽ, ഇതിന്റെ മറവിൽ കോൺട്രാക്ട് കാര്യേജ് ആയ ബസ് സ്‌റ്റേജ് കാര്യേജ് ആയി പ്രവർത്തിക്കുകയായിരുന്നു. ഇതേതുടർന്നു പലതവണ വകുപ്പ് ബസ് പിടികൂടുകയും പിഴ ചുമത്തുകയും ചെയ്തിരുന്നു.
റോബിൻ ബസുടമ ഗിരീഷിനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 2012ലെ ചെക്ക് കേസുമായി ബന്ധപ്പെട്ടാണു നടപി. കോടതി വാറണ്ടിനെ തുടർന്ന് പാലാ പൊലീസ് ഈരാറ്റുപേട്ടയിലെ വീട്ടിലെത്തി അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത ശേഷം ഗിരീഷിനെ കൊച്ചിയിലേക്ക് കൊണ്ടുപോയി.
തന്നെ സർക്കാർ വേട്ടയാടുകയാണെന്ന് ഗിരീഷ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തന്റെ ബസ് പിടിച്ചെടുക്കരുതെന്ന് കോടതി നിർദേശമുണ്ട്. എന്നാൽ പലയിടത്തും ബസ് തടഞ്ഞ് പിഴ ഇടാക്കുകയാണ്. ദിവസവും പതിനായിരക്കണക്കിന് രൂപ പിഴ ഈടാക്കി തന്നെ തളർത്താനാണ് ശ്രമമെന്നും റോബിൻ പറഞ്ഞിരുന്നു.
ബസ് പിടിച്ചെടുത്തത് നിയമ നടപടിയുടെ ഭാഗമാണെന്നും നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നുമാണ് ഗതാഗത മന്ത്രി ബസ് പിടിച്ചെടുത്തതിനോട് പ്രതികരിച്ചത്. കോടതി ഉത്തരവ് ദുർവ്യാഖ്യാനം ചെയ്താണ് ബസ് നിരത്തിലിറങ്ങുന്നത്. മോട്ടോർ വാഹനം വകുപ്പ് നിയമങ്ങൾ തുടർച്ചയായി ലംഘിക്കുന്നു. ഇതിനെതിരെ ശക്തമായ നടപടികൾ ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് ഗതാഗത സെക്രട്ടറിയുടെ നടപടി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു