അമിത് ഷാ കേരളത്തിൽ; സ്വീകരിച്ച് മുഖ്യമന്ത്രി

pinarayi Vijayan receives Amit Shah
 

തിരുവനന്തപുരം: തിരുവനന്തപുരത്ത് സതേൺ സോണൽ കൗൺസിൽ യോഗത്തില്‍ പങ്കെടുക്കാനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എത്തി. കോവളം ലീല റാവിസ് ഹോട്ടലിലെത്തിയ അമിത് ഷായെ മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിച്ചു. തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ അമിത് ഷാക്ക് ബിജെപി പ്രവർത്തകർ വൻ സ്വീകരണം ഒരുക്കിയിരുന്നു.
 
നാളെ രാവിലെ 10 30ന് കോവളം റാവിസ് ഹോട്ടലിൽ നടക്കുന്ന സമ്മേളനത്തിന് കേന്ദ്ര ആഭ്യന്തരമന്ത്രി അധ്യക്ഷത വഹിക്കും. വൈകുന്നേരം മൂന്ന് മണിക്ക് കഴക്കൂട്ടത്ത് വെച്ച് നടക്കുന്ന പട്ടികജാതി സംഗമത്തിലും അദ്ദേഹം പങ്കെടുക്കും. തുടർന്ന് വൈകിട്ടോടെ ഡൽഹിയിലേക്ക് മടങ്ങും. മറ്റന്നാൾ നടക്കുന്ന നെഹ്റു ട്രോഫി വള്ളംകളിയിൽ പങ്കെടുക്കാൻ സംസ്ഥാന സർക്കാർ ക്ഷണിച്ചിരുന്നുവെങ്കിലും അമിത് ഷാ പങ്കെടുക്കില്ല.

  
നെഹ്റു ട്രോഫി വള്ളംകളിയുടെ മുഖ്യാതിഥിയായി ആഭ്യന്തര മന്ത്രി അമിത് ഷായെ ക്ഷണിച്ചത് വിവാദമായിരുന്നു. അമിത് ഷാ എത്തുന്നത് സതേണ്‍ സോണല്‍ കൗണ്‍സില്‍ യോഗത്തിനാണ്. കേരളത്തിനാണ് ഇത്തവണ കൗണ്‍സില്‍ യോഗത്തിന്‍റെ അധ്യക്ഷസ്ഥാനം. യോഗത്തിനെത്തുന്ന എല്ലാവരെയും വള്ളം കളിക്ക് ക്ഷണിച്ചിട്ടുണ്ട്. ദക്ഷിണേന്ത്യന്‍ മുഖ്യമന്ത്രിമാരും യോഗത്തില്‍ പങ്കെടുക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.