'ചിലരുടെ ധാരണ അവരുടെ ഒക്കത്താണ് പലരുമെന്നാണ്; ഈ സ്ഥാനത്ത് ഇരുന്ന് താൻ മറുപടി പറയുന്നില്ല': മുഖ്യമന്ത്രി

Pinarayi Vijayan on k rail project in cpm party cngress
 

തിരുവനന്തപുരം: വിഴിഞ്ഞ തുറമുഖ സമരത്തില്‍ ലത്തീന്‍ അതിരൂപതയ്‌ക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വിഴിഞ്ഞം പുനരധിവാസ പാക്കേജിന്റെ ഉദ്ഘാടന ചടങ്ങിലായിരുന്നു മുഖ്യമന്ത്രിയുടെ പരോക്ഷ വിമര്‍ശനം. ചില ആളുകളുടെ ധാരണ അവരുടെ ഒക്കത്താണ് പലരുമെന്നാണ്. എന്നാല്‍ നാട്ടിലെ ജനങ്ങള്‍ എല്ലാ കാര്യങ്ങളിലും സര്‍ക്കാരുമായി സഹകരിക്കുന്നവരാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.


തിരുവനന്തപുരത്ത് കടലാക്രമണത്തെ തുടര്‍ന്ന് മാറ്റിപ്പാര്‍പ്പിച്ച മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കുള്ള ധനസഹായ വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  

ഈ ചടങ്ങിലേക്ക് മത്സ്യത്തൊഴിലാളികളെ വിളിച്ചു. അപ്പോൾ ഒരു ഭാഗത്ത് നിന്ന് ഇത് പറ്റിക്കലാണെന്ന് സന്ദേശം വന്നു. ആരും ചടങ്ങിന് പങ്കെടുക്കരുതെന്ന് ആഹ്വനം ചെയ്തു. ചിലർ വിചാരിക്കുന്നു, അവരുടെ ഒക്കത്താണ് എല്ലാം എന്ന്. ചതി ആണ് ധനസഹായ വിതരണം എന്നു വരെ പ്രചരിപ്പിച്ചു. ഏതൊരു നല്ല കാര്യത്തിനും എതിർക്കാൻ ആളുകൾ ഉണ്ടാകുമെന്നും അദ്ദേഹം പറ‍ഞ്ഞു.

അത് ജനം അംഗീകരിക്കില്ല. ചതി ശീലമുള്ളവർക്കേ ഇങ്ങനെ പറയാനാകൂ. ചതി ഞങ്ങളുടെ അജണ്ട അല്ല. ആരും സഹായം കൈപറ്റരുതെന്ന പ്രചാരണത്തിന് ഈ സ്ഥാനത്ത്‌ ഇരുന്ന് മറുപടി പറയുന്നില്ല. നാട്ടിലെ ജനങ്ങള്‍ ഇത്തരം കാര്യങ്ങളിലെന്നല്ല എല്ലാ കാര്യങ്ങളിലും സഹകരിക്കുന്നുണ്ട്. ഈ കാര്യത്തിലുള്ള സര്‍ക്കാരിന്റെ ആത്മാര്‍ത്ഥ മത്സ്യതൊഴിലാളികള്‍ക്ക് ബോധ്യമുണ്ട്. അതുകൊണ്ട് തന്നെയാണ് ഈ ചടങ്ങിലേക്ക് ഇത്രയധികം മത്സ്യതൊഴിലാളികള്‍ എത്തിയത്. എന്താണോ ചെയ്യാന്‍ പറ്റുന്നത് അത് സര്‍ക്കാര്‍ ചെയ്യും. അതെ പറയാറുള്ളുവെന്നും അദ്ദേഹം പറഞ്ഞു.
  
കടലാക്രമണത്തിൽ വീട് നഷ്ടപ്പെട്ട് തിരുവനന്തപുരത്തെ തീരപ്രദേശങ്ങളിലെ ക്യാമ്പുകളിൽ കഴിയുന്ന കുടുംബങ്ങൾക്കുള്ള ആദ്യ ഘട്ട ധനസഹായ വിതരണമാണ് നടന്നത്. 102 കുടുംബങ്ങൾക്ക് 5500 രൂപ വീതമാണ് ആദ്യ ഘട്ടത്തിൽ വിതരണം ചെയ്തത്. വിഴിഞ്ഞം സമരത്തെ തുടർന്ന് നടന്ന മന്ത്രിതല ചർച്ചയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് സഹായവിതരണം.

ഓണത്തിന് മുമ്പ് ക്യാന്പുകളിൽ കഴിയുന്നവരെ വാടകവീടുകളിലേക്ക് മാറ്റിപാർപ്പിക്കും എന്നായിരുന്നു ചർച്ചയിലെ തീരുമാനം.
എന്നാൽ നിസ്സാര ധനസഹായം നൽകി മത്സ്യതൊഴിലാളികളെ പറ്റിക്കാനാണ് ശ്രമമെന്നാണ് ലത്തീൻ അതിരൂപത ആരോപിച്ചു. ധനസഹായ വിതരണ ചടങ്ങിൽ പങ്കെടുക്കില്ലെന്നും ലത്തീൻ അതിരൂപത അറിയിച്ചു. തീരശോഷണവും കടലാക്രമണവും മൂലം വീട് നഷ്ടപ്പെട്ട 284 കുടുംബങ്ങൾ തിരുവനന്തപുരത്ത് ഉണ്ടെന്നാണ് സ‍ർക്കാരിന്റെ കണക്ക്.