ഓട് പൊളിച്ച് ഇറങ്ങിവന്നയാളല്ല പിണറായി വിജയൻ; കെ സുധാകരൻ്റെ ആരോപണങ്ങൾക്കെതിരെ മന്ത്രി വി ശിവൻകുട്ടി

v sivankutty

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരായ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ്റെ  ആരോപണങ്ങൾക്കെതിരെ മന്ത്രി വി ശിവൻകുട്ടി. ഏതൊരു പദ്ധതി വരുമ്പോഴും കെ സുധാകരന് കമ്മീഷൻ ഓർമ്മവരുന്നത് മുൻപരിചയം ഉള്ളതുകൊണ്ടാണ്. ഓട് പൊളിച്ച് ഇറങ്ങിവന്നയാളല്ല പിണറായി വിജയൻ.

അഞ്ചുവർഷവും കമ്മീഷൻ വാങ്ങിച്ച് നാട് കൊള്ളയടിച്ച ആളാണെന്ന ആരോപണം രണ്ടാം പിണറായി സർക്കാറിനെ തെരഞ്ഞെടുത്ത ജനങ്ങളുടെ മുഖത്തുള്ള കാർക്കിച്ചു തുപ്പലാണെന്നും ശിവൻകുട്ടി പറഞ്ഞു. നാടിന്‍റെ മുഴുവൻ പിന്തുണയുള്ള നേതാവാണ് പിണറായി വിജയൻ. പാർട്ടിയിൽ എത്ര പേരുടെ പിന്തുണ സുധാകരന് ഉണ്ടെന്ന് ശിവൻ കുട്ടി ചോദിച്ചു.

കെപിസിസി അധ്യക്ഷ പദവി ആരുടെയും ഭൂതകാലം മറക്കാനുള്ള ലൈസൻസ് അല്ല. പിണറായി ആരാണെന്നും സുധാകരൻ ആരാണെന്നും പൊതുജനത്തിന് വ്യക്തമായി അറിയാമെന്നും ശിവൻ കുട്ടി പറഞ്ഞു. എന്തിലും ഏതിലും അഴിമതി നടത്തുന്ന പാരമ്പര്യം കോൺഗ്രസിനാണ്. രണ്ടാം യുപിഎ സർക്കാറിന്‍റെ ചെയ്തികൾ മൂലമാണ് ദേശീയ തലത്തിൽ കോൺഗ്രസ് ഗതി പിടിക്കാത്തത്. പഞ്ചവടിപാലം പോലം പാലാരിവട്ടം പാലം പണിതവർ എടപ്പാൾ പാലം പോയി കാണണമെന്നും മന്ത്രി ശിവൻകുട്ടി പറഞ്ഞു.