തെലങ്കാന മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി പിണറായി വിജയന്‍

Pinarayi Vijayan meets Telangana Chief Minister
 

ഹൈദരാബാദ്: മുഖ്യമന്ത്രി പിണറായി വിജയന്‍ തെലുങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവുമായി കൂടിക്കാഴ്ച നടത്തി. പ്രാദേശിക പാര്‍ട്ടികളുമായുള്ള മൂന്നാം മുന്നണി ചര്‍ച്ചകള്‍ക്കിടെയാണ് കൂടിക്കാഴ്ച.

ചന്ദ്രശേഖര റാവുവിന്‍റെ വസതിയില്‍ വച്ച് നടക്കുന്ന കൂടിക്കാഴ്ചയില്‍ കോടിയേരി ബാലകൃഷ്ണന്‍, സീതാറാം യെച്ചൂരി, മണിക് സര്‍ക്കാര്‍ തുടങ്ങിയ നേതാക്കളും പങ്കെടുക്കുന്നുണ്ട്. പ്രാദേശിക പാര്‍ട്ടികളുമായുള്ള മൂന്നാം മുന്നണി സാധ്യത യോഗത്തില്‍ ചര്‍ച്ചയായി.  

ചന്ദ്രശേഖര്‍ റാവുവിന്‍റെ ഔദ്യോഗിക വസതിയായ പ്രഗതി ഭവനില്‍ മുതിര്‍ന്ന സിപിഎം നേതാക്കള്‍ക്കൊപ്പമാണ് മുഖ്യമന്ത്രി പിണറായി ഉച്ചവിരുന്നിന് എത്തിയത്. സൗഹൃദ സന്ദര്‍ശനമെന്നാണ് പറഞ്ഞതെങ്കിലും നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ ചര്‍ച്ചയായി. കോണ്‍ഗ്രസ് ഇല്ലാത്ത മൂന്നാം മുന്നണി ചര്‍ച്ച സജീവമായതിനിടെയായിരുന്നു കൂടിക്കാഴ്ച. പ്രാദേശിക പാര്‍ട്ടികളെ അണിനിരത്തിയുള്ള മൂന്നാം മുന്നണി നീക്കം ചന്ദ്രശേഖര്‍ റാവു തന്നെ യോഗത്തില്‍ മുന്നോട്ട് വച്ചു. 

ബിജെപി വിരുദ്ധ പോരാട്ടത്തിന് സഖ്യം അനിവാര്യമെന്ന് മുതിര്‍ന്ന സിപിഎം നേതാക്കളും അഭിപ്രായപ്പെട്ടു. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, കോടിയേരി , മണിക് സര്‍ക്കാര്‍, എസ്ആര്‍പിയും സഖ്യസാധ്യതയെ അനുകൂലിച്ചു. ഓരോ സംസ്ഥാനങ്ങളിലെയും സാഹചര്യം അനുസരിച്ച് പ്രാദേശിക പാര്‍ട്ടികളുമായി സഖ്യമാകാം എന്ന് സിപിഎം പിബി വിലയിരുത്തിയിരുന്നു.