'അത്തരമൊരു കത്ത് അയക്കാന്‍ പാടില്ലായിരുന്നു'; ജലീലിനെ തള്ളി മുഖ്യമന്ത്രി

pinarayi vijayan
 

തിരുവനന്തപുരം: മാധ്യമം പത്രം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് യുഎഇ കോൺസുൽ ജനറലിന് കത്തെഴുതിയ കെ.ടി ജലീലിനെ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. അത്തരമൊരു കത്ത് അയക്കാൻ പാടില്ലായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. കത്ത് സംബന്ധിച്ച വാർത്തകൾ വന്നപ്പോഴാണ് അതിനെക്കുറിച്ച് അറിഞ്ഞത്. നിയമസഭാ സമ്മേളനം കഴിഞ്ഞ ശേഷം ജലീലിനെ കണ്ടിട്ടില്ല. ഇനി നേരിട്ട് കാണുമ്പോൾ കത്തിനെക്കുറിച്ച് ചോദിക്കും. കഴിഞ്ഞ ദിവസം തന്നെ വന്നു കണ്ട 'മാധ്യമം' പത്രത്തിന്റെ പ്രതിനിധികളോടും ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിവാദത്തിൽ കെ ടി ജലീലിനെ സിപിഎം നേരത്തെ തന്നെ തള്ളിയിരുന്നു. മാധ്യമത്തിനെതിരെ കടുത്ത നിലപാട് എടുത്തത് ശരിയായില്ലെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തൽ. മന്ത്രിയായിരിക്കുമ്പോൾ യുഎഇയ്ക്ക് കത്ത് എഴുതിയത് തെറ്റായ നടപടിയാണെന്നുമാണ് സിപിഎം വിലയിരുത്തുന്നു. അതേസമയം, പ്രോട്ടോകോൾ ലംഘനത്തിൽ പ്രതിഷേധം കടുപ്പിക്കാൻ ഒരുങ്ങുകയാണ് പ്രതിപക്ഷം.

മാധ്യമത്തിനെതിരെ കെ ടി ജലീൽ കത്തെഴുതിയത് പാർട്ടിയുമായി ആലോചിച്ചിട്ടല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. മാധ്യമം പത്രം നിരോധിക്കണമെന്ന നിലപാട് പാർട്ടിക്കില്ലെന്നും എല്ലാ എംഎൽഎമാരും മന്ത്രിമാരും കത്തെഴുതുന്നത് പാർട്ടിയോട് ആലോചിച്ചിട്ടില്ലെന്നുമാണ് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. 

ജലീലിന്റേത് പ്രോട്ടോക്കോള്‍ ലംഘനമാണെങ്കില്‍ നടപടിയെടുക്കേണ്ടത് വിദേശകാര്യമന്ത്രാലയമാണ്. മാധ്യമം പത്രം മുന്‍പ് നിരോധിച്ചപ്പോഴും പാടില്ലെന്ന നിലപാടായിരുന്നു സിപിഎമ്മിന്റേതെന്നും കോടിയേരി വ്യക്തമാക്കി. ജലീലിന്‍റെ നടപടി തെറ്റല്ലേ എന്ന മാധ്യമപ്രവര്‍ത്തരുടെ ചോദ്യത്തിന് അങ്ങനെ വ്യാഖ്യാനിക്കേണ്ടെന്നും പാർട്ടി അഭിപ്രായം പറഞ്ഞ് കഴിഞ്ഞെന്നുമായിരുന്നു കോടിയേരിയുടെ മറുപടി.
  
സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് ജലീലിനെതിരെ ഗുരതര ആരോപണങ്ങളുന്നയിച്ചത്. മാധ്യമം ദിനപത്രം ഗൾഫ് മേഖലയിൽ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കെ.ടി ജലീൽ യു.എ.ഇ ഭരണാധികാരിക്ക് നേരിട്ട് കത്തയച്ചിരുന്നതായാണ് സ്വപ്ന വെളിപ്പെടുത്തിയത്. വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ പ്രോട്ടോക്കോൾ ലംഘിച്ച് ജലീൽ കോൺസുലേറ്റ് ജനറലുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയതായും ആരോപണമുണ്ട്.