സി​ൽ​വ​ർ ലൈ​ൻ: ഭൂ​മി ഏ​റ്റെ​ടു​ക്ക​ല്‍ റ​ദ്ദാ​ക്ക​ണം; ഹൈ​ക്കോ​ട​തി​യി​ല്‍ ഹ​ര്‍​ജി

KERALA HIGHCOURT
 

കൊച്ചി: സിൽവർ ലൈൻ പദ്ധതിയുടെ സ്ഥലം ഏറ്റെടുക്കൽ നടപടികൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. സ്ഥലം ഏറ്റെടുക്കുന്നതിനുള്ള സംസ്ഥാന സർക്കാർ വിജ്ഞാപനം നിയമവിരുദ്ധമെന്ന് ഹർജിക്കാർ ആരോപിച്ചു. സിൽവർ ലൈൻ പദ്ധതിയുടെ ഭാഗമായി സ്ഥലം നഷ്ടപ്പെടുന്ന നാല് ഭൂവുടമകളാണ് ഹൈക്കോടതിയെ സമീപിച്ചത്.

കേന്ദ്ര അനുമതിയില്ലാതെ റെയിൽവെ പദ്ധതികൾക്കായി സംസ്ഥാന സർക്കാരിന് ഭൂമി ഏറ്റെടുക്കാനാവില്ലെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടി. കെ റെയിൽ പദ്ധതിക്ക് ഭൂമി ഏറ്റെടുക്കാനുള്ള അധികാരം കേന്ദ്രസർക്കാരിനാണെന്നും ഹർജിയിൽ പറയുന്നു. സ്ഥലം ഏറ്റെടുക്കൽ നടപടികൾക്കുള്ള വിജ്ഞാപനം അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.

സില്‍വർ ലൈനിനായി 955 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കണമെന്ന വിവരം സര്‍വേ നടത്താതെ എങ്ങനെ ലഭിച്ചെന്ന് ഹൈക്കോടതി സർക്കാരിനോട് ചോദിച്ചു. ശരിയായ സര്‍വേ നടത്താതെ ഏറ്റെടുക്കേണ്ട ഭൂമിയുടെ വിശദാംശങ്ങള്‍ എങ്ങനെയാണ് ലഭിച്ചതെന്നും കോടതി സർക്കാർ അഭിഭാഷകനോട് ആരാഞ്ഞു. 

ഹർജി ഹൈക്കോടതി ബുധനാഴ്ച പരിഗണിക്കും.

ഇതിനിടെ സിൽവർ ലൈൻ പദ്ധതിക്കെതിരെ ബി ജെ പി സമരത്തിലേക്ക്. ഈ മാസം 25 മുതൽ 30 വരെ സിൽവർ ലൈൻ കടന്ന് പോകുന്ന ജില്ലകളിൽ പദയാത്രകൾ സംഘടിപ്പിക്കും. ജില്ലാ അധ്യക്ഷന്മാർ സിൽവർ ലൈൻ വിരുദ്ധ പദയാത്രകൾ നയിക്കുമെന്ന് ബി ജെ പി അറിയിച്ചു. അതിനിടെ നാടിന് ആവശ്യമുള്ള പദ്ധതികള്‍ ആരെങ്കിലും എതിര്‍ക്കുമെന്ന് കരുതി ഉപേക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി പണറായി വിജയന്‍ പറഞ്ഞു.