കാസര്‍ഗോഡ്: എസ്എഫ്ഐ മുൻ നേതാവ് കെ .വിദ്യക്കെതിരെ കാസർകോട് കരിന്തളം ഗവണമെന്റ് കോളേജിന്റെ പരാതിയിൽ നീലേശ്വരം പോലീസ് കേസെടുത്തു. വ്യാജരേഖ നിർമ്മിക്കൽ വകുപ്പ് പ്രകാരമാണ് കേസ്. പ്രിൻസിപ്പൾ ഇൻ ചാർജ് ജയ്സൺ നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്.
പൊലീസ് അന്വേഷണം മെല്ലെപ്പോക്കിലെന്ന് ആരോപണം. വിദ്യക്കെതിരെ കോളജ് പ്രിൻസിപ്പൽ പരാതി നൽകിയിട്ട് ദിവസങ്ങളായി. വ്യാജ സർട്ടിഫിക്കറ്റ് കാട്ടി നിയമനം നേടിയതിൽ കരിന്തളം ഗവണ്മെന്റ് ആർട്സ് ആൻഡ് സയൻസ് കോളജ് പ്രിൻസിപ്പൽ ഇൻ ചാർജ് ജയ്സൺ നൽകിയ പരാതിയിലാണ് ജാമ്യമില്ലാ വകുപ്പുപ്രകാരം വിദ്യക്കെതിരെ പൊലീസ് കേസെടുത്തത്.
അതേസമയം താന്‍ വ്യാജ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് ഉണ്ടാക്കിയിട്ടില്ലെന്ന് കെ വിദ്യ പറഞ്ഞു. മഹാരാജാസ് കോളജിന്റെ പേരിൽ എവിടെയും സർട്ടിഫിക്കറ്റ് നൽകിയിട്ടില്ല. മാധ്യമങ്ങളില്‍ കാണുമ്പോഴാണ് ഈ വിഷയം അറിയുന്നത്. ഇതുമായി ബന്ധപ്പെട്ട് ആരും ഇതുവരെ തന്നെ ഔദ്യോഗികമായി വിളിച്ചിട്ടില്ലെന്നും തന്റെ കയ്യിൽ അങ്ങനെയൊരു സർട്ടിഫിക്കറ്റ് ഇല്ലെന്നും വിദ്യ പറഞ്ഞു.
read more:ആദിപുരുഷ് സെൻസറിംഗ് പൂര്‍ത്തിയായി; ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റോടെ ചിത്രം 16ന് എത്തും
വിദ്യ വ്യാജരേഖയ്ക്ക് ഉപയോഗിച്ചതു സ്കോളർഷിപ്പ് രേഖയാണെന്നാണു സംശയം. ആസ്പയര്‍ സ്കോളര്‍ഷിപ്പില്‍ എറണാകുളം മഹരാജാസ് കോളജില്‍ 2018–19 കാലയളവില്‍ ചെയ്ത പ്രൊജക്ടിന്റെ ഭാഗമായി ലഭിച്ച സര്‍ട്ടിഫിക്കറ്റാണ് വിദ്യയുടെ വ്യാജരേഖയ്ക്ക് ആധാരമെന്നാണു സൂചന. ഈ ലെറ്റര്‍പാഡാണ് വ്യാജരേഖയാക്കി മാറ്റിയതെന്നാണു നിഗമനം. കോളജ് വൈസ് പ്രിന്‍സിപ്പലായിരുന്ന വി.കെ. ജയമോളുടെ ഒപ്പും സീലുമാണ് രേഖയിലുള്ളത്. അട്ടപ്പാടിയിൽ നിന്ന് അയച്ച വ്യാജ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകളും പൊലീസ് ശേഖരിച്ചു.
വിഷയത്തിൽ വിദ്യയെ തള്ളുന്ന നിലപാടാണു ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു സ്വീകരിച്ചത്. തെറ്റ് ചെയ്തതു വിദ്യയാണെന്നും കോളജ് പ്രിൻസിപ്പലിനു പങ്കില്ലെന്നുമായിരുന്നു വാർത്താസമ്മേളനത്തിൽ മന്ത്രി പറഞ്ഞത്. പൊലീസ് അന്വേഷണം വിഷയത്തിൽ നടക്കുന്നുണ്ട്. എഫ്ഐആർ റജിസ്റ്റർ ചെയ്തിട്ടുണ്ട്. മുതിർന്ന വ്യക്തിയാണു വിദ്യ. അങ്ങനൊരാൾ വ്യാജ സർട്ടിഫിക്കറ്റ് സമർപ്പിച്ചാൽ അതിന്റെ കുറ്റം അവരിൽ നിക്ഷിപ്തമാണ്. ഞാനൊരു സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ അതിന്റെ ധാർമ്മിക ഉത്തരവാദിത്തം എനിക്കു തന്നെയാണ്. വിദ്യയുടെ നടപടിയെ ശക്തമായി അപലപിക്കുന്നുവെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം, വിദ്യയുടെ പിഎച്ച്.ഡി പ്രവേശനം സംബന്ധിച്ച കാര്യങ്ങള്‍ പുനഃപരിശോധിക്കാന്‍ കാലടി സര്‍വകലാശാല തീരുമാനിച്ചു. സിന്‍ഡിക്കേറ്റിന്റെ ലീഗല്‍ സ്റ്റാന്‍ഡിങ് കമ്മിറ്റിയാണ് ഇക്കാര്യം പരിശോധിക്കുക. വിദ്യ ഉള്‍പ്പെട്ട പിഎച്ച്.ഡി പ്രവേശനത്തിലെ സംവരണ അട്ടിമറി ഉള്‍പ്പെടെ കമ്മിറ്റി പരിശോധിക്കും.
പിഎച്ച്.ഡി പ്രവേശനത്തിനായി വിദ്യയെ സര്‍വകലാശാല വഴിവിട്ട് സഹായിച്ചെന്നും എസ്.സി/എസ്.ടി സംവരണം അട്ടിമറിച്ചാണ് പ്രവേശനം നല്‍കിയതെന്നും നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ അന്ന് വിദ്യക്കൊപ്പം നില്‍ക്കുന്ന നിലപാടായിരുന്നു സര്‍വകലാശാല സ്വീകരിച്ചത്. വിഷയം കോടതിയിലെത്തിയപ്പോള്‍ വിദ്യക്ക് അനുകൂലമായാണ് കോടതിയില്‍ സര്‍വകലാശ നിലപാടെടുത്തത്. വ്യാജരേഖ സമര്‍പ്പിച്ച സംഭവം വലിയ വിവാദമായ പശ്ചാത്തലത്തിലാണിപ്പോള്‍ വിദ്യയുടെ പിഎച്ച്.ഡി പ്രവേശനം പുനഃപരിശോധിക്കാന്‍ സര്‍വകലാശാല തീരുമാനിച്ചത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം