കോതമംഗലത്തെ സ്റ്റുഡിയോ ഉടമയുടെ മരണം കൊലപാതകമെന്ന് പൊലീസ് കണ്ടെത്തി

kothamangalam case

കൊച്ചി: കോതമംഗലത്ത് സ്റ്റുഡിയോ ഉടമ എല്‍ദോസ് പോള്‍ പെരിയാര്‍വാലി കനാല്‍ ബണ്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകമെന്ന് തെളിഞ്ഞു. കേസില്‍ മൂന്നു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അയല്‍വാസിയായ എല്‍ദോ ജോയിയും മാതാപിതാക്കളുമാണ് പിടിയിലായത്. ചേലാട് സെവന്‍ ആര്‍ട്‌സ് സ്റ്റുഡിയോ ഉടമ പിണ്ടിമന നിരവത്തുകണ്ടത്തില്‍ എല്‍ദോസ് പോളിനെ (40) തിങ്കളാഴ്ച രാവിലെ വീടിനടുത്തുള്ള കനാല്‍ ബണ്ട് തിട്ടയില്‍ സ്‌കൂട്ടര്‍ മറിഞ്ഞ് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.അപകടമരണമാണെന്നായിരുന്നു പ്രാഥമിക നിഗമനം.എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തലക്ക് പിറകിലേറ്റ പരിക്കാണ് മരണകാരണമെന്ന് ഉറപ്പായതോടെയാണ് കൊലപാതകമെന്ന സംശയത്തില്‍ പൊലീസെത്തുന്നത്. സ്കൂട്ടറിന് കാര്യമായ കേടുപാടില്ലാത്തതും സംശയം ബലപ്പെടുത്തി. മരിച്ചയാളുമായി സാമ്പത്തിക ഇടപാടുണ്ടായിരുന്നുവെന്നും അമ്മയില്‍ നിന്ന് പണം വാങ്ങി തിരികെ നല്‍കിയെന്നും പ്രതി പൊലീസിന് ആദ്യം മോഴി നല്‍കി. ഇത് ശരിയാണോയെന്നറിയാന്‍ മാതാപിതാക്കളെ ചോദ്യം ചെയ്തതാണ് കേസില്‍ വഴിത്തിരിവാകുന്നത്. 

മകന് പണം നല്‍കിയില്ലെന്ന് അമ്മ പൊലീസിനെ അറിയിച്ചതോടെ പ്രതി കുറ്റം സമ്മതിച്ചു. രാത്രിയില്‍ വീട്ടിലെത്തി പണം തിരികെ ചോദിച്ച് എല്‍ദോസ് തന്നെ മര്‍ദ്ധിച്ചുവെന്നും ഇതിന്‍റെ ദേഷ്യത്തില്‍ തിരികെ അക്രമിച്ചതാണ്  മരണത്തിന് കാരണമായതെന്നുമാണ് പ്രതി എല്‍ദോ ജോയിയുടെ മൊഴി.കോടാലി കൊണ്ട് പുറകിലടിച്ച് കൊന്നുവെന്നാണ് മോഴി.  മൃതദേഹം കനാല്‍ തീരത്തെത്തിക്കാന്‍ സഹായിച്ച പ്രതിയുടെ പിതാവ് ജോയിയെയും മാതാവ് മോളിയെയും പൊലീസ് അറസ്റ്റു ചെയ്തു. പിതാവും മാതാവും ചേര്‍ന്ന് മരിച്ച എല്ദോസിന്‍റെ മൊബൈല്‍ ഫോണും കോലപാതകത്തിനുപയോഗിച്ച കോടാലിയും നശിപ്പിച്ചതായും പൊലീസ് കണ്ടെത്തി.