പ്രധാനമന്ത്രിക്കെതിരെ മുദ്രാവാക്യമെഴുതിയ കാര്‍ പോലീസ് കസ്റ്റഡിയില്‍; ബോംബ് സ്ക്വാഡും പരിശോധന നടത്തി

police-have-taken-into-custody-a-vehicle-carrying-anti-pm-words
 

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും എതിരെ മുദ്രാവാക്യമെഴുതിയ കാര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. തിരുവനന്തപുരം പട്ടത്തുനിന്നാണ് വാഹനം പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. 


പഞ്ചാബ് സ്വദേശിയായ ഓംകാറിന്‍റെ പേരിലുള്ള യുപി രജിസ്‌ട്രേഷൻ വാഹനമാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഇന്ന് വൈകിട്ടോടെയാണ് പട്ടം റോയൽ ക്ലബിന് മുന്നില്‍ വാഹനം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.

പ്രധാനമന്ത്രിക്ക് എതിരായ വാചകം വാഹനത്തിന് പുറത്ത് എഴുതിയിട്ടുണ്ട്. 150 കര്‍ഷകരെ മോദി കൊന്നെന്നാണ് എഴുതിയിരിക്കുന്നത്. മദ്യപിച്ചതിന് ശേഷം ബഹളമുണ്ടാക്കി വാഹനം ഉപേക്ഷിച്ച് ഓംകാര്‍ കടന്ന് കളയുകയായിരുന്നു.
 
വാഹനത്തില്‍ പ്രധാനമന്ത്രിക്ക് എതിരായ പരാമര്‍ശം കണ്ടതോടെ പൊലീസെത്തി വാഹനം കസ്റ്റഡിയിലെടുത്ത് മ്യൂസിയം പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. പഴകിയ വസ്ത്രങ്ങളും മറ്റ് ചില ഇലക്ട്രോണിക് വസ്തുക്കളും മാത്രമാണ് വാഹനത്തിലുള്ളത്. ബോംബ് സ്ക്വാഡും വാഹനത്തില്‍ പരിശോധന നടത്തുകയാണ്. ഓംകാറിനായി പൊലീസ് തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്.