ആകാശ് തില്ലങ്കേരിയുടെ ജാമ്യം റദ്ദാക്കണം; സംസ്ഥാന സര്‍ക്കാര്‍ കോടതിയിൽ

akash thillankari
 

കണ്ണൂര്‍: കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മട്ടന്നൂര്‍ ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍. ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ കണ്ണൂര്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ അപേക്ഷ നല്‍കിയത്. 2019-ലാണ് ആകാശ് തില്ലങ്കേരിക്ക് ഹൈക്കോടതി ജാമ്യമനുവദിച്ചത്.

മൊഴക്കുന്ന് സ്‌റ്റേഷനില്‍ സ്ത്രീത്വത്തെ അപമാനിച്ച കേസും മട്ടന്നൂരില്‍ പ്രകോപനപരവും സ്പര്‍ധയുമുണ്ടാക്കുന്ന പ്രസംഗം നടത്തുകയും ഫെയ്‌സ്ബുക് പോസ്റ്റിടുകയും ചെയ്ത കേസുമാണുള്ളത്. ഈ കേസുകള്‍ ചൂണ്ടിക്കാട്ടിയാണ് ജാമ്യം റദ്ദുചെയ്യണമെന്ന് സര്‍ക്കാര്‍ ഹര്‍ജി സമര്‍പ്പിച്ചത്. 

മട്ടന്നൂര്‍, മൊഴക്കുന്ന് പോലീസ് സ്‌റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത ക്രിമിനല്‍ കേസുകളുടെ അടിസ്ഥാനത്തിലാണ് നീക്കം. ക്രിമിനല്‍ കേസുകളില്‍ പ്രതിയാകരുതെന്ന് 2019-ല്‍ ആകാശ് തില്ലങ്കേരിക്ക് ജാമ്യം നല്‍കുമ്പോള്‍ വ്യവസ്ഥ ചെയ്തിരുന്നു. വ്യവസ്ഥ ലംഘിച്ചതിന്റെ അടിസ്ഥാനത്തില്‍ ആകാശിന്റെ ജാമ്യം റദ്ദുചെയ്യണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു.  


അതേസമയം, പാർട്ടിക്ക് വെല്ലുവിളി ഉയർത്തിയ ആകാശിനെതിരെ സിപിഎം തില്ലങ്കേരിയിൽ വച്ച് നടത്തുന്ന പൊതുയോഗത്തിൽ ഇന്ന് പി ജയരാജൻ പ്രസംഗിക്കും. പിജെ അനുകൂലികളായ ആകാശിനെയും കൂട്ടാളികളെയും തള്ളിപ്പറയാൻ പി ജയരാജൻ തന്നെ ഇറങ്ങണമെന്ന സംസ്ഥാന നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരമാണിത്. വൈകിട്ട് അഞ്ചിന് തില്ലങ്കേരി ടൗണിൽ നടക്കുന്ന പരിപാടിയിൽ 19 ബ്രാഞ്ചുകളിലെ അംഗങ്ങളും പാർട്ടി അനുഭാവികളും പങ്കെടുക്കും. 

സിപിഎം നേതാക്കളുടെ നിർദ്ദേശപ്രകാരം താനാണ് ഷുഹൈബിനം വധിച്ചതെന്നും ഇപ്പോൾ തള്ളിപ്പറയുന്നത് അംഗീകരിക്കില്ലെന്നും ആകാശ് ഫേസ്ബുക്കിലെഴുതിയതോടെയാണ് വിവാദങ്ങളുടെ തുടക്കം.