കണ്ണൂരില്‍ പൊലീസ് സ്റ്റേഷനിലെ വാഹനങ്ങള്‍ക്ക് തീയിട്ടു; കാപ്പ പ്രതിയെ കീഴ്‌പ്പെടുത്തിയത് ബലപ്രയോഗത്തിലൂടെ

kappa case criminal arrested

കണ്ണൂര്‍: കണ്ണൂര്‍ വളപട്ടണത്ത് പൊലീസ് സ്റ്റേഷന്‍ വളപ്പില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ക്ക് തീയിട്ട സംഭവത്തില്‍ കാപ്പ കേസ് പ്രതി പിടിയില്‍. വിവിധ കേസുകളില്‍ പ്രതിയായ ചാണ്ടി ഷമീമിനെ ബലപ്രയോഗത്തിലൂടെയാണ് പൊലീസ് കീഴ്‌പ്പെടുത്തിയത്.

ഇന്നു പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. സ്റ്റേഷന്‍ വളപ്പില്‍ നിര്‍ത്തിയിട്ടിരുന്ന അഞ്ചു വാഹനങ്ങള്‍ക്കാണ് പ്രതി തീയിട്ടത്. ഈ വാഹനങ്ങളില്‍ ഒന്ന് പ്രതിയുടേത് തന്നെയാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിന് ഒടുവിലാണ് ചാണ്ടി ഷമീമിനെ പൊലീസ് പിടികൂടിയത്. 

അതേസമയം, കഴിഞ്ഞ ദിവസം ഷമീമും സഹോദരനും വളപട്ടണം സ്റ്റേഷനിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. ഇതിന് പിന്നാലെ ഷമീമിന്റെ സഹോദരനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന്റെ പ്രതികാരമെന്നോണമാണ് സ്റ്റേഷന്‍ വളപ്പിലെ വാഹനങ്ങള്‍ ഷമീം തീയിട്ടതെന്നാണ് പൊലീസ് പറയുന്നത്. അതേസമയം, തീപിടുത്തത്തില്‍ വിവിധ കേസുകളിലായി പിടിച്ചിട്ട അഞ്ച് വാഹനങ്ങളാണ് കത്തിനശിച്ചത്.