നിയമം നടപ്പിലാക്കാനാണ് പൊലീസ്; പ്രതിഷേധിച്ച വ്യാപാരികൾക്കെതിരെ കേസെടുക്കുമെന്ന് കോഴിക്കോട് എസ്പി

protest

കോഴിക്കോട്: എല്ലാ കടകളും എല്ലാ ദിവസവും തുറക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ച വ്യാപാരികള്‍ക്കെതിരെ കേസെടുക്കുമെന്ന് എസിപി ബിജുരാജ്. പ്രതിഷേധിച്ചവര്‍ക്കെതിരെ കേസുണ്ടെന്നും നടപടിയെടുത്ത ശേഷം ജാമ്യത്തില്‍ വിടുമെന്നും കോഴിക്കോട് എസിപി പറഞ്ഞു. കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിനാണ് കേസെടുക്കുകയെന്നും നിയമം നടപ്പിലാക്കാനാണ് പൊലീസ് നില്‍ക്കുന്നതെന്നും എസിപി പറഞ്ഞു.

കോഴിക്കോട് മിഠായിത്തെരുവിലാണ് പൊലീസും വ്യാപാരികളും തമ്മില്‍ സംഘര്‍ഷമുണ്ടായത്. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിലാണ് സമരം നടത്തിയത്. ഇവരെ നീക്കാന്‍ പൊലീസ് ശ്രമിച്ചതോടെയാണ് സംഘര്‍ഷം ആരംഭിച്ചത്. പതിമൂന്നോളം പേരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. എല്ലാ ദിവസവും കടകള്‍ തുറക്കാന്‍ അനുവദിക്കണം എന്നാണ് വ്യാപാരികള്‍ മുന്നോട്ട് വയ്ക്കുന്ന പ്രധാന ആവശ്യം. 

ബാറുകള്‍ ഉള്‍പ്പെടെ തുറന്ന് പ്രവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ വ്യാപാരികളുടെ മേല്‍ അനാവശ്യ നിയന്ത്രണങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നു എന്നാണ് ആരോപണം. കോഴിക്കോട് മിഠായി തെരുവ് ഉള്‍പ്പെടെയുള്ള മേഖലയില്‍ നിലവില്‍ അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ തുറക്കാന്‍ മാത്രമാണ് അനുമതിയുള്ളത്. എന്നാല്‍ നിരവധി ചെറുകിട വ്യാപാരികളുള്ള മിഠായി തെരുവില്‍ ഉള്‍പ്പെടെ കടകള്‍ തുറക്കാന്‍ അനുവദിക്കണം എന്നും കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് തേടിയുമായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്.