നയപ്രഖ്യാപനം;വിമർശനവുമായി വി മുരളീധരനും കെ സുരേന്ദ്രനും

v muraleedharan

നിയമസഭയിൽ ഗവർണർ നടത്തിയ നയപ്രഖ്യാപന പ്രസംഗം നിരാശപ്പെടുത്തുന്നതെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ. നിയമസഭയിൽ പുതിയ സർക്കാരിന്റെ നയങ്ങളാണ് പ്രതീക്ഷിച്ചത്, എന്നാൽ കഴിഞ്ഞ സർക്കാരിന്റെ വാഴ്ത്തുപാട്ടാണ് കേട്ടത്  എന്നും അദ്ദേഹം പറഞ്ഞു. പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കി നൽകിയാൽ സർക്കാരിൻറെ നയമാവില്ല, ജനങ്ങൾ നേരിടുന്ന പൊള്ളുന്ന പ്രശ്‌നങ്ങൾക്കുള്ള പരിഹാരമാണ് നയത്തിലൂടെ പ്രഖ്യാപിക്കേണ്ടതെന്നും മുരളീധരൻ കുറ്റപ്പെടുത്തി.


കഴിഞ്ഞ നയപ്രഖ്യാപനത്തിന്റെ ആവർത്തനം മാത്രമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ പ്രതികരിച്ചു. കൊവിഡ് ദുരന്ത നിവാരണത്തിനുള്ള പ്രത്യേക പാക്കേജ് പ്രതീക്ഷിച്ചെങ്കിലും നയപ്രഖ്യാപനം തീർത്തും നിരാശാജനകമായി. കൊവിഡ് മരണം കുറച്ചു കാണിക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്.അഞ്ച് വർഷം കൊണ്ട് 20 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന പ്രഖ്യാപനം കഴിഞ്ഞ തവണയും നടത്തിയതാണ്. എത്രപേർക്ക് ഒന്നാം പിണറായി സർക്കാർ ജോലി കൊടുത്തുവെന്ന് വ്യക്തമാക്കണം. കെസ്ആർടിസി പോലെയുള്ള പൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിക്കാനുള്ള നടപടികളൊന്നും നയപ്രഖ്യാപനത്തിൽ ഇല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.