നയപ്രഖ്യാപനം; ആരോപണങ്ങളുമായി പ്രതിപക്ഷം

satheesan

രണ്ടാം പിണറായി സര്‍ക്കാരിന്റെ നയപ്രഖ്യാപനത്തിനെതിരെ വിമര്‍ശനവുമായി  പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ആരോഗ്യ- വിദ്യാഭ്യാസ-ദുരന്തനിവാരണ രംഗത്ത്  മതിയായ പ്രഖ്യാപനങ്ങളില്ലെന്ന് പ്രതിപക്ഷത്തിന്റെ ആരോപണം. സുപ്രധാനമായ ആരോഗ്യ, വിദ്യാഭ്യാസ, ദുരന്തനിവാരണ മേഖലകളില്‍ പുതിയ പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിച്ചിരുന്നുവെന്നും അതുണ്ടായില്ലെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആരോപിച്ചു.

കൊവിഡ് മൂന്നാം തരംഗത്തിന്റെ സാധ്യത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പുത്തന്‍ ആരോഗ്യനയം ഉണ്ടാകുമെന്ന പ്രഖ്യാപനം പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അതുണ്ടായില്ല. കൊവിഡ് മരണ നിരക്ക് കുറക്കാന്‍ കഴിഞ്ഞെന്നാണ് സര്‍ക്കാരിന്റെ അവകാശവാദം. ഇതില്‍ ധാരാളം പരാതികളുണ്ട്. കൊവിഡിന് വന്ന ശേഷം (പോസ്റ്റ് കൊവിഡ് രോഗബാധിതരായി) മരണമടയുന്നവരെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നില്ലെന്ന് വിഡി സതീശന്‍ ആരോപിച്ചു. അത് ദൗര്‍ഭാഗ്യകരമാണ്. കൊവിഡ് മരണനിരക്ക് മനപൂര്‍വ്വം കുറയ്ക്കരുതെന്നും സതീശൻ പറഞ്ഞു.

കൊവിഡ് കാലഘട്ടത്തില്‍ ഓണ്‍ലൈന്‍- ഡിജിറ്റല്‍ ക്ലാസുകളാണ് നടക്കുന്നത്. അതനുസരിച്ച് ഒരു വിദ്യാഭ്യാസത്തില്‍ ബദല്‍ നയം നയ പ്രഖ്യാപന വേളയില്‍ പ്രതീക്ഷിച്ചിരുന്നെങ്കിലും ഉണ്ടായില്ല. കഴിഞ്ഞ വര്‍ഷങ്ങളെ പോലെ മഹാമാരിക്ക് ഒപ്പം മറ്റ് ദുരിതകാലം കൂടി വന്നേക്കാം. അതിനെ ഫലപ്രദമായി പ്രതിരോധിക്കാന്‍ ഒരു പുതിയ ദുരന്തനിവാരണ പദ്ധതി അനിവാര്യമായിരുന്നു. അതും നയപ്രഖ്യാപന വേളയില്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ പ്രഖ്യാപനമുണ്ടായില്ലെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.