പാലക്കാട്ടെ ശ്രീനിവാസന്‍ വധക്കേസ്: പോപ്പുലര്‍ ഫ്രണ്ട് നേതാവ് അറസ്റ്റില്‍

sreenivasan
 

പാലക്കാട്: പാലക്കാട്ടെ ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്‍ കൊലക്കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. പോപ്പുലർ ഫ്രണ്ട് പ്രവർത്തകനായ മലപ്പുറം സ്വദേശി സിറാജുദീന്‍ ആണ് അറസ്റ്റിലായത്. ശ്രീനിവാസനെ കൊലപ്പെടുത്തുന്നതിന് മുന്‍പ് പ്രതികള്‍ നടത്തിയ ഗൂഡാലോചനയില്‍ ഇയാള്‍ പങ്കെടുത്തിരുന്നെന്ന് പൊലീസ് പറഞ്ഞു.

കേസിലെ 38 മത്തെ പ്രതിയാണ് സിറാജുദീൻ. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 26 ആയി. ശ്രീനിവാസനെ കൊല ചെയ്യുന്നതിന് ഒരു മണിക്കൂർ മുമ്പ് ഇയാൾ ഗൂഢാലോചനയിൽ പങ്കെടുത്തുവെന്നാണ് പൊലീസ് പറയുന്നത്. പാലക്കാട് ജില്ലാ ആശുപത്രിയിൽ വെച്ചായിരുന്നു ഗൂഢാലോചന. മലപ്പുറത്തെ 12 ആര്‍എസ്എസ് - ബിജെപി നേതാക്കളുടെ പേരും ഫോട്ടോയും ഇയാളിൽ നിന്ന് കണ്ടെടുത്തു. 

വിവിധ കൊലക്കേസുകളില്‍പ്പെട്ട പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ ഒളിവില്‍ കഴിയാന്‍ സഹായിച്ചുവെന്നും സഞ്ജിത് വധക്കേസ് പ്രതികള്‍ക്കും സിറാജുദ്ദീന്‍ സഹായം നല്‍കിയെന്നുമാണ് പൊലീസ് കണ്ടെത്തല്‍. പ്രതിയില്‍ നിന്ന് പിടിച്ചെടുത്ത പെന്‍ഡ്രൈവില്‍ കൊലപാതകങ്ങള്‍ സംബന്ധിച്ച ദൃശ്യങ്ങളുണ്ടെന്നും പൊലീസ് പറഞ്ഞു.
  
2022 ഏപ്രില്‍ 16നാണ് ശ്രീനിവാസനെ മേലാമുറിയിലെ കടയില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയത്. പാലക്കാട് എലപ്പുളളിയിലെ പോപ്പുലര്‍ ഫ്രണ്ട് നേതാവ് സുബൈറിന്റെ കൊലപാതകത്തിലെ പ്രതികാരമാണ് ശ്രീനിവാസന്‍ വധത്തിന് കാരണമെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
  

പോപുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈറിന്‍റെ മൃതദേഹം സൂക്ഷിച്ചിരുന്ന പാലക്കാട് ജില്ല ആശുപത്രി മോർച്ചറിക്ക് സമീപമാണ് ശ്രീനിവാസനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചന നടന്നതെന്നാണ് പൊലീസ് കണ്ടെത്തിയത്. അന്ന് രാത്രി മോർച്ചറിക്ക്‌ പിറകിലെ ഗ്രൗണ്ടിൽ വച്ച് ഒരു വിഭാഗം ഗൂഢാലോചന നടത്തി. 16ന് പകൽ ഒരു മണിക്കാണ് രണ്ട് ബൈക്കുകളിലായി ആറുപേർ മേലാമുറിയിലെ എസ്കെഎസ് ഓട്ടോസ് എന്ന സ്ഥാപനത്തിന് മുന്നിലെത്തുന്നത്. തുടർന്ന് മൂന്ന് പേർ കടയിലേക്ക് ഓടിക്കയറി ശ്രീനിവാസനെ  വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു എന്നാണ് കേസ്. 

കൊലപാതകത്തിന് മുമ്പും ശേഷവും പ്രതികളിൽ ചിലർ ജില്ലാ ആശുപത്രിയിൽ എത്തിയിരുന്നതായുള്ള സിസിടിവി ദൃശ്യങ്ങളടക്കം പൊലീസ് ശേഖരിച്ചിരുന്നു.  ശ്രീനിവാസന്റെ ശരീരത്തിൽ ആഴത്തിൽ മുറിവുകളേറ്റെന്നായിരുന്നു ഇൻക്വസ്റ്റ് പരിശോധനയിലും പോസ്റ്റ് മോർട്ടത്തിലും വ്യക്തമായത്. ശരീരത്തിലാകെ പത്തോളം ആഴത്തിലുള്ള മുറിവുകളാണ് കണ്ടെത്തിയത്. തലയിൽ മാത്രം മൂന്ന് വെട്ടുകളേറ്റു. കാലിലും കൈയ്യിലും ആഴത്തിലുള്ള മുറിവുകളുണ്ടായിരുന്നു.