പോപ്പുലർ ഫ്രണ്ട് മുന്‍ സംസ്ഥാന സെക്രട്ടറി സി.എ റൗഫിന്റെ സ്ഥലം ജപ്തി ചെയ്തു; പിഎഫ്‌ഐ നേതാക്കൾക്കെതിരെയുള്ള നടപടി നാളെയും തുടരും

popular front leader ca rauf asset attachment
 

പാലക്കാട്: പോപ്പുലർ ഫ്രണ്ട് മുന്‍ സംസ്ഥാന സെക്രട്ടറിയായിരുന്ന സി.എ റൗഫിന്റെ സ്ഥലം ജപ്തി ചെയ്തു. പട്ടാമ്പി ഓങ്ങല്ലൂരിലെ പത്ത് സെന്റ് സ്ഥലമാണ് ജപ്തി ചെയ്തത്.  

പോപ്പുലർ ഫ്രണ്ട് നിരോധനവുമായി ബന്ധപ്പെട്ട മിന്നൽ ഹർത്താലിലെ നാശനഷ്ടങ്ങളുമായി ബന്ധപ്പെട്ട് നേതാക്കളുടെ സ്വത്തുക്കൾ ജപ്തി ചെയ്തു തുടങ്ങിയിരുന്നു. മിന്നൽ ഹർത്താലിലെ അക്രമവുമായി ബന്ധപ്പെട്ട് നഷ്ടപരിഹാരം ഈടാക്കാനാണ് ജപ്തി. ജപ്തി നടപടികൾ വൈകുന്നതിൽ ഹൈക്കോടതി കഴിഞ്ഞ ദിവസം അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജപ്തി നടപടികൾക്ക് സർക്കാർ ഉത്തരവിറക്കിയത്.

പാലക്കാട് ജില്ലയിൽ 16 പിഎഫ്‌ഐ നേതാക്കളുടെ സ്വത്തുക്കൾ ജപ്തി ചെയ്തു. പട്ടാമ്പിയിൽ അഞ്ച് പേരുടെ സ്ഥലവും ജപ്തി ചെയ്തു. കോട്ടയം ജില്ലയിൽ കണ്ടു കെട്ടിയത് 5 പേരുടെ സ്വത്തുക്കളാണ്. മീനച്ചിൽ താലൂക്ക് പരിധിയിലെ ഈരാറ്റുപേട്ട വില്ലേജിൽ 3 പേരുടെ സ്വത്തുക്കളും, കാഞ്ഞിരപ്പള്ളി , ചങ്ങനാശേരി താലൂക്കുകളിലായി ഓരോരുത്തരുടെ സ്വത്തുക്കളും കണ്ടു കെട്ടി.
 
പോപ്പുലർ ഫ്രണ്ട് ഹർത്താലിലെ അക്രമവുമായി ബന്ധപ്പെട്ട് മലപ്പുറത്ത് 124 പേരുടെ സ്വത്ത് കണ്ടുകെട്ടും. കോഴിക്കോട്ട് പത്തുപേരുടെ സ്വത്ത് കണ്ടുകെട്ടുമെന്നും 15 ദിവസത്തിനകം നഷ്ടപരിഹാരത്തുക അടക്കണമെന്നും നോട്ടീസ്. ഇന്നാരംഭിച്ച നടപടിക്രമങ്ങൾ നാളെ പൂർത്തിയാക്കും.

വിവിധ ജില്ലകളിലായി ഇതുവരെ 24 നേതാക്കളുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. ഹൈക്കോടതി നിർദേശത്തെ തുടർന്ന് റവന്യൂ അധികൃതരാണ് ജപ്തിചെയ്യുന്നത്. കൊല്ലത്ത് പിഎഫ്ഐ ജനറൽ സെക്രട്ടറി അബ്ദുല്‍ സത്താറിന്റെ വീടും സ്വത്തുക്കളും കണ്ടുകെട്ടി. കുന്നംകുളത്ത് അഞ്ച് നേതാക്കളുടെയും കാസർകോട് നാല് നേതാക്കളുടെയും സ്വത്തുക്കൾ കണ്ടുകെട്ടി. എറണാകുളത്ത് ആറിടങ്ങളിലും തിരുവനന്തപുരത്ത് അഞ്ചിടത്തും ജപ്തി നടന്നു. വയനാട്ടിൽ 14 പേരുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.

പോപുലർ ഫ്രണ്ടിന്റെ മിന്നൽ ഹർത്താലിലുണ്ടായ നാശനഷ്ടങ്ങളിൽ കടുത്ത നടപടിയാണ് ഹൈക്കോടതി ഡിവിഷൻ ബഞ്ച് സ്വീകരിച്ചിരുന്നത്. സർക്കാറും കെഎസ്ആർടിസിയും ആവശ്യപ്പെട്ട നഷ്ടപരിഹാരമായ അഞ്ചു കോടി 20 ലക്ഷം രൂപ കോടതിയിൽ കെട്ടിവയ്ക്കാൻ സെപ്തംബർ 29ന് ബഞ്ച് നിർദേശിച്ചിരുന്നു. വിധി സമയബന്ധിതമായി നടപ്പാക്കുന്നതിൽ വീഴ്ച പറ്റിയെന്ന് നേരത്തെ സർക്കാർ കോടതിയിൽ സമ്മതിച്ചിരുന്നു. ജപ്തി നടപടികൾ വേഗത്തിലാക്കാമെന്ന് ഉറപ്പു നൽകുകയും ചെയ്തു.

സംഭവങ്ങളുമായി ബന്ധപ്പെട്ട് ആകെ 487 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. 1992 പേരെ അറസ്റ്റു ചെയ്തു. 687 പേരെ കരുതൽ തടങ്കലിൽ വച്ചിരുന്നതായും സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു. 2022 സെപ്തംബർ 23നായിരുന്നു പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ മിന്നൽ ഹർത്താൽ.