കെ പി സി സി ആസ്ഥാനത്തിന് മുന്നിൽ കെ സുധാകരനെ അനുകൂലിച്ച് പോസ്റ്റർ

sudhakaran

തിരുവനന്തപുരം: കെ പി സി സി ആസ്ഥാനത്തിന്  മുന്നിൽ കെ സുധാകരനെ അനുകൂലിച്ച് പോസ്റ്റർ പ്രതിഷേധം. സുധാകരനെ വിളിക്കു കോൺഗ്രസിനെ രക്ഷിക്കൂ എന്നാണ് ബാനർ. ഈരാറ്റുപേട്ടയിൽ നിന്നുള്ള മൂന്ന് പ്രവർത്തകരാണ് ബാനറുമായി പ്രതിഷേധത്തിന് എത്തിയത്.

ഇതേ തുടർന്ന് പ്രവർത്തകർ തമ്മിൽ വാക്ക് തർക്കമുണ്ടായി. മറ്റ്  പ്രവർത്തകർ ബാനർ പിടിച്ചു വാങ്ങി. ഇന്ദിരാഭവനിൽ യു ഡി എഫ് യോഗം ചേരാനിരിക്കെയാണ് സുധാകരനെ അനുകൂലിച്ച്  പ്രവർത്തകർ രംഗത്ത് എത്തിയത്. എന്നാൽ യു ഡി എഫ് ഏകോപന സമിതിയുടെ ആദ്യ യോഗത്തിൽ മുല്ലപ്പള്ളി രാമചന്ദ്രൻ വിട്ടു നിൽക്കും.

കെ പി സി സി അധ്യക്ഷൻ എന്ന നിലയിലാണ് മുല്ലപ്പള്ളി യോഗത്തിൽ പങ്കെടുക്കേണ്ടത്. എന്നാൽ സ്ഥാനം ഒഴിയാൻ തയ്യാർ ആണെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹം ഹൈകമാന്ഡിന്  കത്ത് നൽകിയിരുന്നു.തിരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം ആദ്യം ചേരുന്ന നിർണായക യോഗമാണ് ഇന്ന്.