ആസിഡ് മഴയ്‌ക്ക് സാധ്യത; നാല് ജില്ലകൾ ജാഗ്രത പാലിക്കാൻ നിർദേശം

ii
 

വായുവിലെ രാസമലിനീകരണം വർദ്ധിച്ചെന്നും വരുന്ന ആദ്യ വേനൽമഴ ‘ആസിഡ് മഴ’ ആകാനാണ് സാധ്യതയെന്നാണ് പഠനങ്ങൾ പറയുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ എറണാകുളം ഉൾപ്പെടെ നാല് ജില്ലകൾ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്. ആലപ്പുഴ, കോട്ടയം, തൃശൂർ ജില്ലകൾക്കാണ് ജാഗ്രത നിർദേശം നൽകിയിരിക്കുന്നത്.

വായുവിലെ രാസമലിനീകരണ തോത് വർദ്ധിച്ചതോടെ 2023-ലെ ആദ്യ വേനൽമഴയിൽ രാസപദാർത്ഥങ്ങളുടെ അളവ് വളരെ കൂടുതലായിരിക്കുമെന്ന കാര്യത്തിൽ സംശയമില്ല. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ വായുനിലവാര സൂചിക പ്രകാരം 2022 ഓഗസ്റ്റ് മുതലാണ് കൊച്ചിയിലെ വായുവിന്റെ നിലവാരം മോശമായത്. ഇതിന് പിന്നാലെയാണ് ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിൽ തീപിടിത്തമുണ്ടായത്. ഇതിന് ശേഷം രാസബാഷ്പ കണികകൾക്ക് പുറമേ സൾഫേറ്റ്, നൈട്രേറ്റ്, ക്ലോറൈഡ്, കാർബൺ എന്നിവയുടെ സാന്നിധ്യം കൂടുതലുള്ള പിഎം 10 കരിമാലിന്യത്തിന്റെ അളവും വർദ്ധിച്ചു.അന്തരീക്ഷത്തിലെ നൈട്രജൻ ഡയോക്‌സൈഡ്, സൾഫർ ഡയോക്‌സൈഡ് എന്നിവയുടെ അളവും അന്തരീക്ഷത്തിൽ ക്രമാതീതമായി വർദ്ധിക്കുന്ന സാഹചര്യമാണ് നിലവിൽ. ഇതോടെ ആദ്യ വേനൽമഴയിൽ സൾഫ്യൂരിക് ആസിഡ്, നൈട്രിക് ആസിഡ് എന്നിവയുടെ അളവ് വർദ്ധിക്കാൻ സാധ്യതയുണ്ടെന്ന് പരിസ്ഥിതി ശാസ്ത്രഞ്ജര് മുന്നറിയിപ്പ് നൽകുന്നുണ്ട്.