സിപിഎം ജില്ലാ കമ്മറ്റി ഓഫീസിലെത്തി എം വി ജയരാജനെ കണ്ട് പ്രസീത അഴീക്കോട്

praseetha

കണ്ണൂർ: തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സി.കെ ജാനുവിന് ബിജെപി കോഴ നൽകിയെന്ന് ആരോപണം ഉന്നയിച്ച ജെആര്‍പി ട്രഷറര്‍ പ്രസീത അഴീക്കോട് സിപിഎം നേതാവുമായി കൂടിക്കാഴ്ച നടത്തി. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജനുമായാണ് പ്രസീത കൂടിക്കാഴ്ച നടത്തിയത്. സിപിഎം ജില്ലാ കമ്മറ്റി ഓഫീസിൽ എത്തിയതായിരുന്നു കൂടിക്കാഴ്ച.

ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രനും പാർട്ടിക്കുമെതിരെ കോഴ ആരോപണം ഉന്നയിച്ച പ്രസീതക്ക് പിന്നിൽ സിപിഎമ്മാണെന്ന് ബിജെപി നേരത്തെ ആരോപിച്ചിരുന്നു. കോഴ ആരോപണം സിപിഎം മനഃപൂർവം ഉണ്ടാക്കിയെടുത്തതാണെന്നായിരുന്നു ബിജെപിയുടെ വാദം. എന്നാൽ സുരേന്ദ്രന്റെ ഫോൺ സംഭാഷണം ഉൾപ്പെടെ പ്രസീത പുറത്തുവിട്ടിരുന്നു.

അതേസമയം, സിപിഎം ജില്ലാ സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തിയത് കോഴ കേസിൻ്റെ കാര്യം സംസാരിക്കാനല്ലെന്ന് പ്രസീത അഴീക്കോട് കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. സമുദായവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പാർട്ടിയുടെ ശ്രദ്ധയിൽപ്പെടുത്താനാണ് വന്നത് എന്ന് അവർ അറിയിച്ചു. മന്ത്രിയെ കാണാനാണ് ഓഫീസിലെത്തിയത്. മന്ത്രി എത്താൻ വൈകുമെന്നതിനാലാണ് ജില്ലാ സെക്രട്ടറിയെ കണ്ടത്. 

ജെആർപി എൻഡിഎയിൽ നിന്ന് പുറത്ത് വന്നതാണ്. ഏതെങ്കിലും രാഷ്ട്രീയ പാർട്ടി നേതാക്കളെ കാണുന്നതിൽ എന്താണ് തെറ്റെന്നും പ്രസീത ചോദിച്ചു.