അഞ്ജുശ്രീയുടെ മരണകാരണം ഭക്ഷ്യ വിഷബാധയല്ലെന്ന് പ്രാഥമിക റിപ്പോര്‍ട്ട്

അഞ്ജുശ്രീയുടെ മരണകാരണം ഭക്ഷ്യ വിഷബാധയല്ല; വിഷം ഉള്ളിൽ ചെന്നെന്ന് പ്രാഥമിക റിപ്പോര്‍ട്ട്

കാസര്‍കോട്: ബേനൂരിലെ അഞ്ജുശ്രീ പാർവ്വതി(19)യുടെ മരണം ഭക്ഷ്യ വിഷബാധ കാരണമല്ലെന്ന് ആരോഗ്യ വകുപ്പ്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക നിഗമന പ്രകാരം കരളിന്‍റെ പ്രവർത്തനം നിലച്ചതാണ് മരണത്തിന് കാരണമെന്നാണ് കരുതുന്നത്. വിശദമായ പോസ്റ്റുമോർട്ടം റിപ്പോർട്ട് പരിയാരം മെഡിക്കല്‍ കോളജ് അധികൃതർ നാളെ അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈമാറും. പ്രാഥമിക റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ അന്വേഷണ സംഘം അഞ്ജുശ്രീയുടെ വീട്ടിൽ പരിശോധന നടത്തി.
 
ആന്തരികാവയവങ്ങളുടെ പ്രവർത്തനം തകരാറിലായതാണ് അഞ്ജുശ്രീയുടെ മരണത്തിന് കാരണമായതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. വിഷം ഉള്ളിലെത്തിയാണ് മരണം സംഭവിച്ചതെന്നും എന്നാൽ ഭക്ഷണത്തിലൂടെയല്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഏത് തരം വിഷമാണ് ഉള്ളിൽ ചെന്നതെന്ന് തിരിച്ചറിയാൻ വിശദമായ രാസപരിശോധനാഫലം ലഭിക്കേണ്ടതായിട്ടുണ്ടെന്നും പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്. 
  
എന്തുകാരണത്താലാണ് അണുബാധയുണ്ടാവുകയും അത് ഹൃദയസ്തംഭനത്തിലേക്ക് നയിക്കുകയും ചെയ്തത് എന്ന് വ്യക്തമാകണമെങ്കില്‍ കെമിക്കല്‍ എക്‌സാമിനേഷന്‍ ഉള്‍പ്പെടെയുള്ളവ നടത്തിയ ശേഷം വിശദമായ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവരേണ്ടതുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട് കാസര്‍കോട്ടെ ഭക്ഷ്യസുരക്ഷാവിഭാഗം പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍ക്ക് റിപ്പോര്‍ട്ട് ലഭിച്ചിട്ടുമുണ്ട്. ആ റിപ്പോര്‍ട്ടില്‍ ഭക്ഷ്യവിഷബാധ സ്ഥിരീകരിക്കുന്നില്ല. അഞ്ജുശ്രീയുടെ മരണത്തില്‍ ഭക്ഷ്യവിഷബാധയേല്‍ക്കാനുള്ള സാഹചര്യം കണ്ടെത്താനായിട്ടില്ലെന്ന് റിപ്പോര്‍ട്ട് പറയുന്നു. 


കാസർകോട് തലക്ലായി സ്വദേശി അഞ്ജുശ്രീ പാർവതിയും സുഹൃത്തുക്കളും കഴിഞ്ഞ ഡിസംബർ 31 നാണ് അൽ റൊമൻസിയ ഹോട്ടലിൽ നിന്ന് ഓൺലൈനായി കുഴിമന്തി വാങ്ങി കഴിച്ചത്. ചിക്കൻ മന്തി, ചിക്കൻ 65, മയോണൈസ്, സാലഡ് എന്നിവയാണ് ഓർഡർ നൽകിയത്. ഭക്ഷണം കഴിച്ച് പിറ്റേന്ന് രാവിലെ അഞ്ജുശ്രീക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടു. തുടർന്ന് പെൺകുട്ടിയെ ദേളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സക്ക് ശേഷം പെൺകുട്ടി വീട്ടിൽ തിരിച്ചെത്തി. അടുത്ത ദിവസ രാവിലെ പെൺകുട്ടിക്ക് ബോധക്ഷയം ഉണ്ടാവുകയും തുടർന്ന് മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. ഇവിടെ ചികിത്സയിലിരിക്കെയാണ് പെൺകുട്ടി മരിച്ചത്. 

അഞ്ജുശ്രീയുടെ കൂടെ ഭക്ഷണം കഴിച്ച കൂട്ടുകാർക്കും ആദ്യദിവസം സമാനമായ രീതിയിൽ ശാരീരിക പ്രശ്നങ്ങൾ ഉണ്ടായിരുന്നു. എന്നാൽ പിന്നീട് ഇവർക്ക് ആർക്കും ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നില്ല. സംഭവത്തിന് പിന്നാലെ അൽ റൊമാൻസിയ ഹോട്ടലിൻ്റെ ലൈസൻസ് റദ്ദാക്കിയിരുന്നു. അഞ്ജുശ്രീയുടെ മരണത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ എംവി രാംദാസ് പ്രാഥമിക റിപ്പോർട്ട് നൽകിയിരുന്നു. സെപ്റ്റിസീമിയ വിത്ത് മൾട്ടിപ്പിൾ ഓർഗൻസ് ഡിസ്ഫക്ഷൻ സിൻഡ്രോം മൂലമാണ് മരണമെന്നാണ് ആരോഗ്യവകുപ്പ് ഡയറക്ടർക്ക് റിപ്പോർട്ട് നൽകിയിരിക്കുന്നത്.