കേരളത്തെ പറ്റി അസത്യ പ്രചാരണം നടത്തുന്ന അമിത് ഷായ്ക്കുള്ള മറുപടിയാണ് രാഷ്ട്രപതിയുടെ പ്രശംസ: യെച്ചൂരി

 sitaram yechury
 

തിരുവനന്തപുരം: കേരളത്തെ പറ്റി അസത്യ പ്രചാരണം നടത്തുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കുള്ള മറുപടിയാണ് രാഷ്ട്രപതിയുടെ പ്രശംസയെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയുടെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി ഇതര സര്‍ക്കാര്‍ എന്ന നിലയില്‍, ബദല്‍ നയങ്ങള്‍ മുന്നോട്ടുവയ്ക്കുന്ന ഏക സര്‍ക്കാരാണ് കേരളത്തിലേത് എന്നും യെച്ചൂരി അവകാശപ്പെട്ടു. 

  
രാജ്യത്തെ ബാധിക്കുന്ന സുപ്രധാന വിഷയങ്ങള്‍ കേരളത്തോട് സംവദിക്കാന്‍ 140 മണ്ഡലങ്ങളിലൂടെ കടന്ന് വന്ന ജാഥയ്ക്ക് കഴിഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ കേരളത്തോടുള്ള അവഗണ ജാഥയിലൂടെ ജനങ്ങളെ ബോധ്യപ്പെടുത്താനായി. ഇന്ത്യയുടെ അടിസ്ഥാന സ്തംഭങ്ങള്‍ ആക്രമിക്കപ്പെടുകയാണ്. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ നശീകരണമാണ് നടക്കുന്നത്. അതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒരുപാട് ഒളിക്കാനുണ്ടെന്നും യെച്ചൂരി കുറ്റപ്പെടുത്തി.

മോദിയെ ചോദ്യം ചെയ്യുന്നവരെയെല്ലാം ദേശവിരുദ്ധരായി മുദ്രകുത്തുന്നു എന്നതാണ് ഇപ്പോഴത്തെ ഏറ്റവും ഗുരുതരമായ കാര്യം. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ഒരു ഡോക്യുമെന്ററി ബി.ബി.സി. ലോകവ്യാപകമായി പുറത്തിറക്കിയപ്പോള്‍ ബി.ബി.സി.യെ ദേശവിരുദ്ധരാക്കി. അദാനിയുടെ തട്ടിപ്പ് പുറത്തുകൊണ്ടുവന്ന ഹിന്‍ഡന്‍ ബര്‍ഗിനെയും രാജ്യദ്രോഹിയായി മുദ്രകുത്തി. അദാനിയുടെ തട്ടിപ്പിനെപ്പറ്റി സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷിക്കണം. ഏറെ കാര്യങ്ങള്‍ ഒളിപ്പിക്കാനുള്ളതിനാലാണ് മോദി അന്വേഷണത്തെ ഭയക്കുന്നതെന്നും യെച്ചൂരി പറഞ്ഞു.

മോദി പറയുന്നത് എന്നോട് എന്തു ചോദ്യവും ചോദിക്കൂ, എനിക്കു ഭയമില്ല, 140 കോടി ജനതയുടെ പിന്തുണ എനിക്കുണ്ട് എന്നാണ്. എങ്ങനെയാണ് ഇത്തരം തെറ്റിദ്ധാരണാജനകമായ പ്രചാരണങ്ങള്‍ക്ക് ഒരു പ്രധാനമന്ത്രി തന്നെ നേതൃത്വം കൊടുക്കുന്നത്? കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പോള്‍ ചെയ്തതിന്റെ 37% വോട്ട് മാത്രമാണ് ബി.ജെ.പി.ക്ക് ലഭിച്ചത്. ബാക്കി 63% ബി.ജെ.പി.ക്കെതിരായാണ് വോട്ട് ചെയ്തത് എന്നോര്‍ക്കണമെന്നും സീതാറാം യെച്ചൂരി പറഞ്ഞു.

 
പൊതുമുതല്‍ കൊള്ളയടിക്കുന്നവര്‍ക്ക് ഒത്താശ നല്‍കുകയാണ് കേന്ദ്ര സര്‍ക്കാരെന്നും യെച്ചൂരി കുറ്റപ്പെടുത്തി. ചങ്ങാത്ത മുതലാളിത്തമാണ് ഇന്ത്യയില്‍ കാണുന്നത്. അദാനിക്കെതിരെ അന്വേഷണം പ്രഖ്യാപിക്കാന്‍ മോദി മടിക്കുന്നതെന്ത് കൊണ്ടാണെന്നും യെച്ചൂരി ചോദിച്ചു. 
 
 
ഇ.ഡി.ക്കെതിരെയും യെച്ചൂരി തുറന്നടിച്ചു. ഇ.ഡി.യെ കേന്ദ്രം രാഷ്ട്രീയമായി ഉപയോഗിക്കുന്നു. ഇ.ഡി. കേസെടുക്കുന്നത് പ്രതിപക്ഷ നേതാക്കളെ ഭീഷണിപ്പെടുത്താനും അപമാനിക്കാനുമാണ്. 2014-ന് ശേഷം ഒന്‍പത് കൊല്ലംകൊണ്ട് 3554-ല്‍പരം കേസാണ് ഇ.ഡി. രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 23 കേസില്‍ മാത്രമാണ് ശിക്ഷിച്ചത്.

കേരളത്തെപ്പറ്റി തെറ്റായ പ്രചാരണം നടക്കുന്നു. കേരള സര്‍ക്കാരിന് നല്ല സര്‍ട്ടിഫിക്കറ്റാണ് രാഷ്ട്രപതി ദ്രൗപതി മുര്‍മു നല്‍കിയത്. ബി.ജെ.പി. ഇതര സര്‍ക്കാര്‍ എന്ന നിലയില്‍ ബദല്‍ നയങ്ങള്‍ മുന്നോട്ടുവയ്ക്കുന്ന ഏക സര്‍ക്കാര്‍ കേരളത്തിലേതാണെന്നും യെച്ചൂരി പറഞ്ഞു.