സപ്ലൈകോയിലെ വിലവർധനവ്; നിരക്ക് നിർണയിക്കാൻ മൂന്നംഗ സമിതിയെ നിയോഗിച്ചു

google news
g r anil
 chungath new advt

തിരുവനന്തപുരം: സപ്ലൈകോയിലെ സബ്സിഡി സാധനങ്ങളുടെ പുതിയ നിരക്ക് നിർണ്ണയിക്കാൻ മൂന്നംഗസമിതിയെ ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ നിയോഗിച്ചു. ഭക്ഷ്യ സെക്രട്ടറി, സപ്ലൈകോ സി.എം.ഡി., പ്ലാനിങ് ബോർഡ് അംഗം എന്നിവർ കമ്മിറ്റിയിൽ അംഗമായിരിക്കും. പതിനഞ്ചുദിവസത്തിനകം ഭക്ഷ്യമന്ത്രിക്ക് റിപ്പോർട്ട് നൽകണമെന്നാണ് നിർദേശം. നാളെ മുതൽ ആരംഭിക്കുന്ന പിണറായി സർക്കാറിന്റെ നവകേരള സദസ്സിന് ശേഷം വർധന നടപ്പാക്കാനാണ് തീരുമാനം.


പതിമൂന്ന് അവശ്യസാധനങ്ങൾക്ക് 2016-ലെ വിലയാണ് ഇപ്പോഴുള്ളത്. ഇതിൽ എത്രത്തോളം മാറ്റം വേണം, വർധന ഏതെല്ലാം രീതിയിലായിരിക്കണം, എത്ര ശതമാനം വീതമാണ് വർധിപ്പിക്കേണ്ടത് തുടങ്ങിയ കാര്യങ്ങൾ സമിതി പരിശോധിക്കും. 20 ശതമാനത്തിലധികം വർധനവാണ് സപ്ലൈകോ ആവശ്യപ്പെട്ടിട്ടുള്ളത്. ഇക്കാര്യവും കമ്മിറ്റി പരിശോധിക്കും. തുടർന്ന് റിപ്പോർട്ട് സർക്കാർ പരിശോധിക്കുകയും തീരുമാനത്തിലെത്തുകയുമാണ് ചെയ്യുക.

 
എല്ലാ അവശ്യവസ്തുക്കളും സമയത്ത് ലഭിക്കില്ലെങ്കിലും വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടുന്ന ജനങ്ങൾക്ക് തീ വിലയിൽനിന്ന് വലിയൊരു ആശ്വാസമാണ് സപ്ലൈക്കോ. സപ്ലൈകോയിലും വിലവർധന നടപ്പാക്കുന്നതോടെ അതിന്റെ ഭാരവും സാധാരണക്കാർക്ക് പേറേണ്ടിവരും. വൈദ്യുതി ചാർജ് വർധനയ്ക്കു പിന്നാലെയാണ് സപ്ലൈക്കോയുടെ ഇരുട്ടടിയും ജനങ്ങളെ ബാധിക്കാനിരിക്കുന്നത്. അപ്പോഴും സർക്കാറിന്റെ ധൂർത്തിനും അവകാശവാദങ്ങൾക്കും മറ്റും യാതൊരു കുറവുമില്ലെന്നാണ് പൊതുജനങ്ങളുടെ വിമർശം. 

 എന്നാൽ, സപ്ലൈക്കോയെ നിലനിർത്താനാണ് വില വർധനവെന്നും അപ്പോഴും പൊതുവിപണിയിൽനിന്ന് വാങ്ങുന്നതിനേക്കാൾ 500 രൂപയെങ്കിലും ലാഭമുണ്ടാകുംവിധം വർധനവ് നടപ്പാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്നുമാണ് ഭക്ഷ്യമന്ത്രി പറയുന്നത്.
 

  

   

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു