×

പ്രധാനമന്ത്രിയുടെ സന്ദര്‍ശനം; ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടത്താന്‍ ബുക്ക് ചെയ്തിരുന്ന പത്തിലധികം വിവാഹങ്ങള്‍ക്ക് വിലക്ക്

google news
Sb
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടത്താന്‍ ബുക്ക് ചെയ്തിരുന്ന പത്തിലധികം വിവാഹങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ പേരില്‍ വിലക്ക്. ഈ മാസം പതിനേഴാം തീയതി രാവിലെ 6 മണി മുതല്‍ 9 മണി വരെയുള്ള സമയത്ത് നടത്താന്‍ നിശ്ചയിച്ചിരുന്ന വിവാഹങ്ങളുടെ സമയം മാറ്റാനാണ് നിര്‍ദ്ദേശം. എസ് പി ജി യുടെ ആവശ്യപ്രകാരം പൊലീസ് വിവാഹ പാര്‍ട്ടികള്‍ക്ക് നിര്‍ദ്ദേശവും നല്‍കി.
    
നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാനാണ് ഈ മാസം 17 ന് പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുന്നത്. മുഴുവന്‍ സുരക്ഷാ സംവിധാനവും ഉപയോഗപ്പെടുത്തി ഒരു വിവാഹത്തില്‍ പങ്കെടുക്കാനായി ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി കേരളത്തില്‍ എത്തുന്നതും ചരിത്രത്തില്‍ ആദ്യമായാണ്. ഈ സന്ദര്‍ശനത്തിന്റെ പേരിലാണ് മുന്‍കൂട്ടി മുഹൂര്‍ത്തം നിശ്ചയിച്ച് ബുക്കുചെയ്ത വിവാഹങ്ങളുടെ സമയം മാറ്റാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
    
സുരേഷ് ഗോപിയുടെ മകളുടെ വിവാഹം ഒഴികെ ഈ സമയത്തു നടക്കേണ്ട മറ്റു വിവാഹങ്ങള്‍ എല്ലാം രാവിലെ ആറു മണിക്ക് മുമ്പോ ഒന്‍പത് മണിക്ക് ശേഷമോ മാത്രമേ നടത്താവൂ എന്നാണ് പ്രത്യേക സുരക്ഷാ സേനയുടെ ആവശ്യ പ്രകാരമുള്ള നിര്‍ദ്ദേശം. രാവിലെ എട്ടുമണിക്ക് ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജ് ഗ്രൗണ്ടിലെ ഹെലിപാഡില്‍ ഇറങ്ങുന്ന നരേന്ദ്ര മോദി റോഡ് മാര്‍ഗം 8.10 ഓടെ ശ്രീവത്സം ഗസ്റ്റ് ഹൗസില്‍ എത്തും. തുടര്‍ന്ന് ക്ഷേത്ര ദര്‍ശനത്തിനു ശേഷം ക്ഷേത്രനടയില്‍ സുരേഷ് ഗോപിയുടെ മകളുടെ വിവാഹ ചടങ്ങില്‍ പങ്കെടുക്കും.
    
ഗുരുവായൂര്‍ നഗരത്തില്‍ രാവിലെ ആറുമുതല്‍ ഗതാഗത നിയന്ത്രണം ഉണ്ടാകും. ചൂണ്ടല്‍ മുതല്‍ ഗുരുവായൂര്‍ ക്ഷേത്രനട വരെ മറ്റ് വാഹനങ്ങള്‍ക്കൊന്നും പ്രവേശനവും നല്‍കില്ല. വെള്ളിയാഴ്ച തന്നെ എസ്.പി.ജി. കമാന്‍ഡോസ് ഗുരുവായൂരില്‍ എത്തും. അതേസമയം വിവാഹ പാര്‍ട്ടികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത രീതിയില്‍ ആവശ്യമായ ക്രമീകരണം നടത്താന്‍ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ശ്രമിക്കുന്നുണ്ടെന്ന് ദേവസ്വം ചെയര്‍മാര്‍ ഡോ. വി കെ വിജയന്‍ അറിയിച്ചു.
    

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

        

Tags