സംഭവം കാമ്പസിന് പുറത്തെന്ന് പ്രിന്‍സിപ്പല്‍; കൊല നടത്തിയത് യൂത്ത് കോണ്‍ഗ്രസ് സംഘമെന്ന് എസ്എഫ്‌ഐ

idukki painavu engineering college sfi worker stabbed to death

പൈനാവ്: ഇടുക്കി പൈനാവ് ഗവ. എന്‍ജിനീയറിങ് കോളേജ് വിദ്യാര്‍ഥിയും എസ്എഫ്ഐ പ്രവര്‍ത്തകനുമായ ധീരജിന് കുത്തേറ്റത് കോളേജിന് പുറത്തുവെച്ചെന്ന് പ്രിന്‍സിപ്പല്‍. കാമ്പസിന് പുറത്തുവെച്ചാണ് അക്രമം നടന്നതെന്നും കോളേജിനകത്ത് സമാധാനപരമായാണ് തിരഞ്ഞെടുപ്പ് നടന്നതെന്നും പ്രിന്‍സിപ്പല്‍ ഡോ ജലജ പറഞ്ഞു. 

അതേസമയം, ധീരജിനെ കുത്തിക്കൊലപ്പെടുത്തിയത് പുറത്തുനിന്നെത്തിയ യൂത്ത് കോണ്‍ഗ്രസ്  സംഘമെന്ന് എസ്എഫ്‌ഐ ആരോപിച്ചു. തെരഞ്ഞെടുപ്പ് തീര്‍ത്തും സമാധാനപരമായിരുന്നു. ക്യാമ്പസിന് പുറത്തേക്ക് പോകുന്നതിനിടെ കത്തിയുമായി എത്തിയ സംഘം വളരെ ആസൂത്രിതമായി കൊല നടത്തുകയായിരുന്നെന്ന് എസ്എഫ്‌ഐ പറയുന്നു. 

ക്യാമ്പസിൻ്റെ ഗേറ്റിന് പുറത്തുവച്ചാണ് ധീരജ്  കൊല്ലപ്പെട്ടത്. കൊലയ്ക്ക് പിന്നില്‍ പുറത്തുനിന്നെത്തിയ ആളുകളെന്നാണ് അറിയാന്‍ കഴിഞ്ഞത്. തെരഞ്ഞെടുപ്പ് ആയതിനാല്‍ ക്യാമ്പസില്‍ പോലീസിൻ്റെ  സാമീപ്യം ഉണ്ടായിരുന്നു. ക്യാമ്പസിനുള്ളില്‍ കാര്യങ്ങള്‍ സമാധാനപരമായിരുന്നെന്നും സമീപകാലത്തൊന്നും യാതൊരു സംഘര്‍ഷവും ഉണ്ടായിട്ടില്ലെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു. 

അതേസമയം, ധീരജിനെ അക്രമിച്ചത് മണിയാന്‍കുടി സ്വദേശിയായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനാണെന്നാണ് പ്രാഥമിക വിവരം. ആക്രമിച്ച ശേഷം ഇയാള്‍ ഓടി രക്ഷപ്പെട്ടു. കൊല്ലപ്പെട്ട ധീരജും മറ്റുള്ളവരും കോളേജിന് പുറത്തേക്ക് വന്നപ്പോളായിരുന്നു അക്രമം. ജില്ലാ പഞ്ചായത്ത് ഓഫീസിന് സമീപത്തുവെച്ചാണ് സംഭവമുണ്ടായത്.

ആസൂത്രണം ചെയ്ത് നടപ്പാക്കിയ കൊലപാതകമാണ് ഇതെന്ന് സിപിഎം ജില്ല സെക്രട്ടറി പറഞ്ഞു. ചങ്കിലും നെഞ്ചിനുമാണ് കുത്തേറ്റത്. ഹൃദയത്തിനേറ്റ കുത്താണ് മരണത്തിന് കാരണമായതെന്നും ജില്ലാ സെക്രട്ടറി പറഞ്ഞു. കോളേജ് തെരഞ്ഞെടുപ്പിനിടെ വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായതോടെ ആയിരുന്നു ആക്രമണം. ഇന്ന് ഉച്ചയോടെയാണ് സംഭവം. സംഘര്‍ഷത്തില്‍ രണ്ട് വിദ്യാര്‍ഥികള്‍ക്ക് കൂടി പരിക്കേറ്റിട്ടുണ്ട്. കുത്തേറ്റ രണ്ടുപേരെയും ഇടുക്കി മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ധീരജിനെ രക്ഷിക്കാനായില്ല. ഒരാളുടെ നില ഗുരുതരമാണ്.