പ്രിയങ്കയുടെ ആത്മഹത്യ: ശാന്ത രാജൻ പി ദേവ് അറസ്റ്റില്‍

santha rajan p dev and unni rajan p dev

തിരുവനന്തപുരം: നടൻ രാജൻ പി ദേവിന്‍റെ ഭാര്യ ശാന്ത അറസ്റ്റിൽ. മരുമകള്‍ പ്രിയങ്കയെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ച കേസിലാണ് അറസ്റ്റ്. നെടുമ്മങ്ങാട് ഡി വൈ എസ് പിക്ക് മുൻപിലാണ് ശാന്ത കീഴടങ്ങിയത്. ശാന്തയെ ജാമ്യത്തിൽ വിടും. അന്വേഷണ ഉദ്യോഗസ്ഥന് മുൻപിൽ ഹാജരാകണമെന്ന് ഹൈകോടതി നിർദ്ദേശം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് കീഴടങ്ങൽ. 

മരുമകൾ പ്രിയങ്ക ആത്മഹത്യ ചെയ്ത കേസിലെ രണ്ടാം പ്രതിയാണ് ശാന്ത. ഇവർക്കെതിരെ ആത്മഹത്യാപ്രേരണ, ഗാർഹിക പീഡനം എന്നീ വകുപ്പുകളാണ് ചുമത്തിയിരുന്നത്. പ്രിയങ്കയുടെ ഭർത്താവ് ഉണ്ണി രാജൻ പി ദേവിനെ പോലീസ് 2021 മെയ് 25ന് അറസ്റ്റ് ചെയ്തിരുന്നു. 2021 ഏപ്രിൽ 13നായിരുന്നു പ്രിയങ്കയെ വെമ്പായത്തെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

സ്ത്രീധനത്തിന്‍റെ പേരിൽ ഇവർ പ്രിയങ്കയെ നിരന്തരം പീഡിപ്പിച്ചിരുന്നുവെന്നായിരുന്നു പരാതി. ഉണ്ണിയുമായി പിണങ്ങിയ പ്രിയങ്ക സ്വന്തം വീട്ടിലാണ് താമസിക്കുന്നത്. സ്വന്തം വീട്ടിലെത്തിയിട്ടും സ്ത്രീധനത്തിന് പേരിൽ ഉണ്ണി പ്രിയങ്കയെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നും പരാതിയിൽ ചൂണ്ടിക്കാണിച്ചിരുന്നു. 

സംഭവത്തെ തുടർന്ന് ശാന്ത ഒളിവിലായിരുന്നു. പ്രിയങ്കയുടെ ആത്മഹത്യയിൽ ശാന്തയ്ക്കും പങ്കുണ്ടെന്ന നിഗമനത്തിൽ പോലീസ് എത്തിയിരുന്നു. ഇതിന് പിന്നാലെ ഇവരെ കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചപ്പോഴാണ് ശാന്തയ്ക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്. പിന്നീട് വീണ്ടും ചോദ്യം ചെയ്യലിനായി ശാന്തയെ തിരഞ്ഞുവെങ്കിലും കണ്ടെത്താനായില്ല. അന്വേഷണസംഘം ശാന്തയുടെ അങ്കമാലിയിലെ വീട്ടിലും ബന്ധുവീടുകളിലും തെരച്ചിൽ നടത്തിയിരുന്നു.

മരിക്കുന്നതിന് മുൻപ് ഉണ്ണിക്കും കുടുംബത്തിനും എതിരെ പ്രിയങ്ക പോലീസിൽ പരാതി നൽകിയിരുന്നു. പ്രിയങ്കയെ മർദ്ദിച്ചതിൻ്റെ ദ്യശ്യങ്ങളടക്കം ബന്ധുക്കൾ പോലീസിന് കൈമാറിയിരുന്നു. ആത്മഹത്യ ചെയുന്നതിൻ്റെ തൊട്ടുമുൻപുള്ള ദിവസം പ്രിയങ്ക ഭർത്താവ് ഉണ്ണി രാജൻ പി ദേവിനെതിരെ വട്ടപ്പാറ സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. സ്ത്രീധനം കുറഞ്ഞുപോയെന്ന് പറഞ്ഞ് ഉണ്ണി നിരന്തരം മർദ്ദിക്കുന്നതായാണ് പരാതിയിൽ പറഞ്ഞത്. ആത്മഹത്യയ്ക്ക് കാരണം മാനസിക ശാരീരിക പീഡനമെന്ന പ്രിയങ്കയുടെ സഹോദരൻ്റെ പരാതിയിലാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.